ന്യൂസ് ഡെസ്ക് മലയാളം യുകെ

മസിലുകളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ഒട്ടേറെ അനധികൃത മരുന്നുകൾ യുകെയിലെങ്ങും സുലഭമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അനധികൃതമായി വിൽക്കുന്ന ഇത്തരം മരുന്നുകൾ കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സാർംസ് എന്നറിയപ്പെടുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്ന ഇത്തരം മരുന്നുകൾ ഉദ്ദാരണ കുറവ്, കരൾ രോഗങ്ങൾ എന്നിവ കൂടാതെ കഴിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തെയും ബാധിക്കും.


ബോഡി ബിൽഡിംഗ് സപ്ലിമെന്റുകൾ വിൽക്കുന്ന കടകളിലും ഓൺലൈനിലും ഇത്തരം മരുന്നുകൾ സുലഭമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇത്തരം മരുന്നുകൾ ശരീരത്തിന് ഹാനികരമാണെന്നും കഴിക്കാൻ പാടില്ലാത്തതാണെന്നും ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (ESA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെയിലെ വിപണികളിൽ ഇത്തരം മരുന്നുകൾ വിൽക്കുന്നത് ക്രിമിനൽ കുറ്റമാണ്.


സാർംസ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നതിന്റെ മുഴുവൻ പാർശ്വഫലങ്ങളും എന്താണെന്നതിനെ കുറിച്ച് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വ്യക്തതയില്ല . എന്നാൽ ഇത്തരം മരുന്നുകളിൽ അടങ്ങിയ സ്റ്റിറോയ്ഡുകൾ മോശമായ പാർശ്വഫലങ്ങൾ ഉളവാക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. മസിൽ പെരുപ്പിക്കാൻ ഇത്തരം മരുന്നുകൾ കഴിക്കുന്ന യുവാക്കൾ അതിൻറെ പാർശ്വഫലങ്ങളെക്കുറിച്ച് അജ്ഞരാണെന്നാണ് ബിബിസിയുടെ റിപ്പോർട്ടർമാർ കണ്ടെത്തിയത്. വെബ്സൈറ്റുകളിൽ ഇത്തരം മരുന്നുകളുടെ പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും പാർശ്വഫലങ്ങളെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നു മാണ് പലരും വെളിപ്പെടുത്തിയത്. മരുന്ന് കഴിച്ചതിനെ തുടർന്ന് ഉറക്കക്കുറവ്, മാനസിക പ്രശ്നങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ എന്നിവ നേരിട്ടതായി ഒട്ടേറെ പേരാണ് വെളിപ്പെടുത്തിയത്