ന്യൂഡല്‍ഹി: ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ്. നോട്ടീസ് തള്ളാന്‍ രാജ്യസഭാ ചെയര്‍മാന് അധികാരമില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ സ്വഭാവത്തോടെയല്ല രാജ്യസഭാ ചെയര്‍മാന്‍ പ്രവര്‍ത്തിക്കേണ്ടത്. നോട്ടീസില്‍ പറഞ്ഞ കാര്യങ്ങളുടെ മെറിറ്റിലേക്ക് ചെയര്‍മാന്‍ കടക്കേണ്ടതില്ല. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്‍ ചെയര്‍മാന്‍ എന്തിന് ധൃതി കാണിച്ചുവെന്നും കപില്‍ സിബല്‍ ചോദിക്കുന്നു.

സുപീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളിയിരുന്നു. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതെന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

തീരുമാനത്തിലെത്തുന്നതിനു മുന്‍പ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സുപ്രീം കോടതി മുന്‍ ജഡ്ജി വി. സുദര്‍ശന്‍ റെഡ്ഡി, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പി.കെ. മല്‍ഹോത്ര, മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉപരാഷ്ട്രപതി ചര്‍ച്ച നടത്തിയിരുന്നു.

രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ഹര്‍ജിയുമായി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചാല്‍ അത് പരിഗണിക്കുക ചീഫ് ജസ്റ്റിസായിരിക്കും എന്ന സങ്കീര്‍ണമായ സാഹചര്യം മുന്നിലുണ്ട്.