ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്ത തിരുപ്പരൻകുൺട്രം മലമുകളിലെ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് ശനിയാഴ്ചയാണ് ചടങ്ങ് നടന്നത്. ഏറെ നാളായി നിയമപോരാട്ടത്തിനും രാഷ്ട്രീയ – മത വിവാദങ്ങൾക്കും കാരണമായ വിഷയത്തിൽ കോടതി നിർദേശപ്രകാരം ദീപം തെളിച്ചത് നിർണായക നടപടിയായി. സുപ്രീംകോടതി നിയോഗിച്ച റിസീവർമാരും മധുര ജില്ലാ കളക്ടറും ചടങ്ങിന് സാക്ഷികളായി. സിആർപിഎഫിന്റെ കനത്ത സുരക്ഷയിലായിരുന്നു ചടങ്ങ്.
നവംബർ 24-ന് കാർത്തിക ദീപദിനത്തിൽ ദീപത്തൂണിൽ വിളക്ക് തെളിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നെങ്കിലും ഉത്തരവ് നടപ്പാക്കിയിരുന്നില്ല. ഇതിനെത്തുടർന്ന് കോടതിയലക്ഷ്യ ഹർജികൾ സമർപ്പിക്കപ്പെട്ടു. തുടർന്ന് നവംബർ 27-ന് സുപ്രീംകോടതി ഇടപെട്ട് ക്ഷേത്ര ഭരണസമിതിയുടെ പ്രവർത്തനം താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും മുൻ ഹൈക്കോടതി ജഡ്ജിമാരായ എസ്. വൈദ്യനാഥനെയും വി. പാർഥിബനെയും റിസീവർമാരായി നിയമിക്കുകയും ചെയ്തു. ദീപം തെളിക്കുന്നതിന്റെ സുരക്ഷാ ചുമതലയും സിആർപിഎഫിന് കൈമാറി. അതേസമയം, ദർഗയിലെയും ക്ഷേത്രത്തിലെയും വിശ്വാസികളുടെ ആരാധനയ്ക്ക് തടസ്സമുണ്ടാകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ദീപം തെളിച്ച നടപടിക്കു പിന്നാലെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദവും ശക്തമായി. വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിനെതിരെ ഡിഎംകെ രൂക്ഷ വിമർശനമുന്നയിച്ചു. ദ്രാവിഡ പ്രസ്ഥാനങ്ങൾ സംരക്ഷിച്ചുപോന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ടിവികെ സർക്കാർ ഇല്ലാതാക്കിയെന്ന് ഡിഎംകെ എംപി കനിമൊഴി ആരോപിച്ചു. അതേസമയം, ദീപത്തൂണിന്റെ ചരിത്രപരമായ സ്വഭാവം, ആരാധനാ പാരമ്പര്യം, ദീപം തെളിക്കാനുള്ള അവകാശം തുടങ്ങിയ വിഷയങ്ങളിൽ സുപ്രീംകോടതിയുടെ അന്തിമവിധി ഇനിയും വന്നിട്ടില്ല.











Leave a Reply