മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകന്‍. കൂടുതല്‍ എന്തുവേണം ‘ലൂസിഫര്‍’ എന്ന ചിത്രത്തിനായി കാത്തിരിക്കാന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരല്‍പം വൈകാരികമായി പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:

‘ആദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ! കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ,’ പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിന്റെ താടി വളര്‍ത്തിയ ചിത്രവും കൂടെ പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ.പ്രകാശ്, അനീഷ് ജി.മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റുതാരങ്ങള്‍.

സംവിധായകന്‍ ഫാസിലും ‘ലൂസിഫറി’ല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫാദര്‍ നെടുമ്പിള്ളി എന്ന പുരോഹിത കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്ന ഫാസില്‍ ‘ലൂസിഫറി’ലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ് സംജിത് മുഹമ്മദും നിർവഹിച്ചിരിക്കുന്നു.