പരസ്യ ചിത്രീകരണത്തിനായി പെരുമ്പാവൂരിലെത്തിയ ഡൽഹി സ്വദേശിയായ യുവ മോഡൽ ദിയാൻഷൂ ജോഷി (26) പാറമടയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. മുടക്കുഴ പെട്ടമല ഭാഗത്തെ ഉപേക്ഷിക്കപ്പെട്ട പാറമടയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഷൂട്ടിംഗിന് അനുയോജ്യമായ ലൊക്കേഷൻ കണ്ടെത്തുന്നതിനായി എത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന ദിയാൻഷൂ വെള്ളത്തിലിറങ്ങി നീന്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് സംഘം കേരളത്തിലെത്തിയത്. ദിയാൻഷൂ ജോഷിക്കൊപ്പം ഡൽഹിയിൽ നിന്നുള്ള മറ്റ് അംഗങ്ങളും ചില മലയാളികളും സംഘത്തിലുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലെ റീൽസുകളിലും ആകാശദൃശ്യങ്ങളിലും പാറമടയുടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവർ സ്ഥലം തിരഞ്ഞെടുത്തത്. എന്നാൽ കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി പ്രവർത്തനം നിർത്തിയ ഈ പാറമട അപകടഭീഷണിയുള്ള മേഖലയായി അറിയപ്പെടുന്നതാണ്.
പ്രദേശത്ത് പ്രവേശനം നിരോധിച്ചിരുന്നിട്ടും പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഷൂട്ടിംഗിനായി എത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകട വിവരം ലഭിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി മൃതദേഹം കരയ്ക്കെടുത്തു. തുടർന്ന് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സമാന അപകടങ്ങൾ മുമ്പും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.











Leave a Reply