കേന്ദ്ര കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം ശക്തമായി തുടരുകയാണ്. ഇതിന് പിന്നാലെ കോർപ്പറേറ്റുകൾക്കെതിരെയും കർഷകർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോൾ റിലയൻസ് ജിയോക്കെതിരെ വൻപ്രതിഷേധമാണ് പഞ്ചാബിലെ കർഷകർ നടത്തുന്നത്. നിരവധി സ്ഥലങ്ങളിലെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരിക്കുകയാണ്. പഞ്ചാബിലെ മൻസയിലെ നിരവധി റിലയൻസ് ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെലികോം കമ്പനിയുടെ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്.

‘കരി’ നിയമങ്ങൾ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാർ സിങ് പറഞ്ഞു. ‘ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങൾ വിച്ഛേദിച്ചു. കർഷകർക്കെതിരായ കരി നിയമങ്ങൾ റദ്ദാക്കുന്നതുവരെ ജിയോയും റിലയൻസും ബഹിഷ്‌കരിക്കുന്നത് തുടരും. ഇത് പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു. മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും സിങ് എഎൻഐയോട് പറഞ്ഞു.

‘ഞങ്ങൾ റിലയൻസിനെയും ജിയോയെയും എതിർക്കുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഈ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിക്കില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരനായ മൻ‌പ്രീത് സിങും പറഞ്ഞു. കമ്പനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയൻസ് ജിയോ ടെലികോം റെഗുലേറ്റർ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) കത്തെഴുതുകയും ചെയ്തിരുന്നു.

കർഷക സമരം ഒരു മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കു തയാറായി കർഷക സംഘടനകൾ. ഡിസംബർ 29ന് കേന്ദ്രവുമായി ചർച്ച നടത്താമെന്നു കർഷക സംഘടനകൾ അറിയിച്ചതായാണു വിവരം. തുറന്ന മനസ്സോടെ ചർച്ചയാകാമെന്ന കേന്ദ്ര സർക്കാർ നിലപാടിനെപ്പറ്റി ആലോചിക്കാൻ 40 കർഷക സംഘടനകൾ യോഗം ചേർന്നാണു തീരുമാനമെടുത്തത്. ആറാം വട്ട ചർച്ചയാണ് ഇനി നടക്കാനുള്ളത്.