പോര്‍ച്ചുഗലിൽ നിന്ന് ദുബായിലെത്തിയ മലയാളി ഇരട്ട സഹോദരന്മാർ കഴിഞ്ഞ മൂന്ന് ദിവസമായി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിൽ കുടുങ്ങി. കോവിഡ്–19 വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ നിന്നുള്ളവർക്ക് ഇന്ത്യ പ്രവേശനം തടഞ്ഞതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പോർചുഗലിലെ ലിസ്ബണിൽ നിന്നെത്തിയ തിരുവനന്തപുരം കായംകുളം പുതിയതുറ സ്വദേശികളായ ജാക്സൺ, ബെൻസൺ എന്നിവരാണ് കൃത്യമായി ഭക്ഷണം കഴിക്കാതെയും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമാകാതെ ദുരിതത്തിലായത്.
യൂറോപ്പിൽ കൊറോണ ഭീഷണിയെ തുടർന്ന് നഗരം വിജനമായിത്തുടങ്ങിയപ്പോൾ, ഇൗ മാസം 18ന് പ്രദേശിക സമയം രാവിലെ 11.30ന് എമിറേറ്റ്സ് എയർലൈൻസിൽ ദുബായ് വഴി നാട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു. ലിസ്ബൺ രാജ്യാന്തര വിമാനത്താവളത്തിൽ തന്നെ ഇവരുടെ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാ നടപടികളും പൂർത്തീകരിച്ചിരുന്നു. തങ്ങളുടെ ആരോഗ്യ നില പരിശോധിച്ച് കോവിഡ്–19 ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നതായി ഇരുവരും കാര്യങ്ങൾ ചോദിച്ചറിഞ്ഞ മാധ്യമപ്രവർത്തകരോട് പറയുന്നു
പിറ്റേന്ന് പുലർച്ചെ മൂന്നിന് ദുബായിലെത്തിയ ഇവർക്ക് 21 മണിക്കൂറിന് ശേഷമായിരുന്നു തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര. എന്നാൽ, തുടർ യാത്രയ്ക്കുള്ള അനുമതി എമിറേറ്റ്സ് എയർലൈൻസിന് ഇന്ത്യൻ അധികൃതരിൽ നിന്ന് ലഭിച്ചില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയ്ക്കുള്ള യാത്രക്കാർ അധികം വൈകാതെ അതാത് വിമാനങ്ങളിൽ യാത്ര തിരിച്ചപ്പോൾ, 18ന് ഉച്ചയ്ക്ക് 12ന് ശേഷം തിരുവനന്തപുരത്തേയ്ക്ക് യാത്രാ വിലക്കുണ്ടെന്നും അനുമതി ലഭിച്ചാൽ മാത്രമേ കൊണ്ടുപോവുകയുള്ളൂ എന്നുമായിരുന്നു ജാക്സണും ബെൻസണും അധികൃതർ നൽകിയ മറുപടി.
തങ്ങളുടെ തുടർ യാത്രാ നടപടികൾ ലിസ് ബണിൽ നേരത്തെ പൂർത്തിയായതെന്നറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇരുവരും പ്രതിസന്ധിയിലാവുകയും വിമാനത്താവളത്തിൽ തന്നെ കുടുങ്ങുകയുമായിരുന്നു. നാളെ (ഞായർ) മുതൽ ഇന്ത്യയിലേയ്ക്ക് രാജ്യാന്തര വിമാന സർവീസ് നിർത്തലാക്കുമെന്നതിനാൽ ഇന്ന് തന്നെ യാത്ര തിരിക്കാൻ സാധിച്ചാലേ രക്ഷയുള്ളൂ. പോർചുഗൽ വീസ റദ്ദാക്കിയാണ് ഇരുവരും വന്നത് എന്നതിനാൽ മടക്കയാത്രയും അസാധ്യമാണ്.
ആദ്യ രണ്ട് ദിവസം ഭക്ഷണത്തിനുള്ള കൂപ്പൺ എമിറേറ്റ്സ് എയർലൈൻസ് അധികൃതർ നൽകിയെങ്കിലും ഇപ്പോൾ സ്വന്തം കീശയിൽ നിന്ന് പണമെടുത്താണ് രണ്ടു നേരം ഭക്ഷണം കഴിക്കുന്നതെന്നും ഇതിന് തന്നെ വൻ തുക ചെലവായെന്നും ജാക്സൺ പറഞ്ഞു. യത്രക്കാർക്കുള്ള കസേരയിലിരുന്നാണ് ഉറങ്ങുന്നത്. ഇവിടുത്തെ കുളിമുറി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിനചര്യകളാകെ താളം തെറ്റി. കൊണ്ടുവന്ന വസ്ത്രങ്ങളെല്ലാം മുഷിഞ്ഞുതുടങ്ങി. ഇനിയും വൈകിയാൽ തങ്ങൾ ഏറെ ദുരിതത്തിലാകുമെന്നും എത്രയും പെട്ടെന്ന് തങ്ങളെ ഇന്ത്യയിലെത്തിക്കുകയോ യുഎഇയിൽ പുറത്തിറങ്ങാൻ അനുവദിക്കുകയോ ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
നോർക്കയും സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണും ഇവരെ സഹായിക്കാനുള്ള ശ്രമം നടത്തിവരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി.മുരളീധരനും ഇടപെട്ട് തങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരണം കാണണമെന്നും ജാക്സണും ബെൻസണും പറഞ്ഞു.
Leave a Reply