യു.എ.ഇയിൽ 44 രാജ്യങ്ങളിൽനിന്ന് സന്ദർശകരായി എത്തുന്നവർക്ക് സ്വന്തംനാട്ടിലെ ലൈസൻസ് വെച്ചുതന്നെ യു.എ.ഇയിൽ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാർക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കിൽ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.

ഡ്രൈവിങ് ലൈസൻസ് നേടാനുള്ള കുറഞ്ഞ പ്രായവും പൂർത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്ലാൻഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസീലൻഡ്, റൊമേനിയ, സിങ്കപ്പൂർ, ഹോങ്കോങ്, നെതർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്കാണ് ഈ ആനുകൂല്യമുള്ളത്.

വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യൻ ലൈസൻസുള്ള സന്ദർശകർക്കും താമസക്കാർക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയിൽ വാഹനമോടിക്കണമെങ്കിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി പരീക്ഷ പാസായി ലൈസൻസ് നേടണം.