സമുദായാംഗമെന്ന നിലയില്‍ പ്രതീക്ഷിച്ച വോട്ട്‌ ജോയ്‌ക്കു ലഭിച്ചില്ല. കത്തോലിക്ക മേഖലയില്‍ ഇക്കുറി ഇരട്ടിവോട്ടാണു യു.ഡി.എഫ്‌. നേടിയത്‌. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഉമയുടെ പ്രവര്‍ത്തനം പരമ്പരാഗത ക്രൈസ്‌തവ വോട്ടുകള്‍ നിലനിര്‍ത്താനായി.

തൃക്കാക്കരയില്‍ ഉമാ തോമസിനെ വിജയിപ്പിച്ചത്‌ യു.ഡി.എഫിന്റെ ടീം വര്‍ക്കാണ്‌. ഈ വിജയത്തെ സ്വാധീനിച്ച ഘടകങ്ങള്‍ അനവധി. അവയെ ഇങ്ങനെ ക്രോഡീകരിക്കാം.

ചിട്ടയാര്‍ന്ന പ്രവര്‍ത്തനം

മുമ്പു കാണാത്തവിധമുള്ള ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണു യു.ഡി.എഫ്‌. വിജയത്തിന്റെ കാതല്‍. ഓരോ ബൂത്തിന്റെയും ചുമതല ഡി.ഡി.സി. സെക്രട്ടറിമാര്‍ക്കു നല്‍കി. മൂന്നു തവണയെങ്കിലും ഭവന സന്ദര്‍ശനം ഉറപ്പാക്കി. പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. യു.ഡി.എഫിനു തിരിച്ചുവരാനുള്ള അവസാന വണ്ടിയായി ഓരോ പ്രവര്‍ത്തകനും തൃക്കാക്കരയെ കണ്ടു.

സഹതാപതരംഗം

പി.ടിയുടെ സഹതാപതരംഗം വോട്ടായെന്നു യു.ഡി.എഫ്‌. നേതാക്കള്‍ സമ്മതിക്കുന്നു. ഉമ തോമസ്‌ ചോദിച്ച ഓരോ വോട്ടും പി.ടി. തോമസെന്ന വികാരത്തെ ഓര്‍മ്മപ്പെടുത്തിയായിരുന്നു. അതും ഫലം കണ്ടു.

വനിതാ സ്‌ഥാനാര്‍ഥി

മണ്ഡലത്തില്‍ ആദ്യമായി മുന്നണി സ്‌ഥാനാര്‍ഥി ഒരു വനിത ആയതും പി.ടിയുടെ വിധവയെന്ന പരിഗണനയും എല്ലാ വിഭാഗത്തിലെയും സ്‌ത്രീവോട്ടര്‍മാരെ സ്വാധീനിച്ചു. നിഷ്‌പക്ഷരും പുരോഗമന ചിന്താഗതിക്കാരുമായ വനിതകളുടെ വോട്ട്‌ ഉമയ്‌ക്കു ലഭിച്ചു.

പരമ്പരാഗത മണ്ഡലം

മണ്ഡലം രൂപവത്‌കരിച്ച ശേഷമുള്ള നാലാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌. 22,500 മുകളിലായിരുന്നു ആദ്യതവണ ബെന്നി ബഹനാന്റെ ഭൂരിപക്ഷം. കഴിഞ്ഞതവണ പി.ടിയുടെ ഭൂരിപക്ഷം 14,239. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ജോ ജോസഫിനായില്ല.

കത്തോലിക്കാ വോട്ട്‌ മറിഞ്ഞില്ല

സമുദായാംഗമെന്ന നിലയില്‍ പ്രതീക്ഷിച്ച വോട്ട്‌ ജോയ്‌ക്കു ലഭിച്ചില്ല. കത്തോലിക്ക മേഖലയില്‍ ഇക്കുറി ഇരട്ടിവോട്ടാണു യു.ഡി.എഫ്‌. നേടിയത്‌. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഉമയുടെ പ്രവര്‍ത്തനം പരമ്പരാഗത ക്രൈസ്‌തവ വോട്ടുകള്‍ നിലനിര്‍ത്താനായി. മണ്ഡലത്തില്‍ താമസക്കാരായ തെക്കന്‍ രൂപതാംഗങ്ങളുടെ വോട്ട്‌ ഏറെയും ജോ ജോസഫിനു ലഭിച്ചപ്പോള്‍, എറണാകുളം അതിരൂപതക്കാര്‍ കൂടുതലും ഉമയെ കൈവിട്ടില്ല.

പി.ടിയുടെ മതേതരത്വ കാഴ്‌ചപ്പാട്‌

പി.ടിയുടെ മതേതരത്വ കാഴ്‌ചപ്പാട്‌ ഇത്തവണ കുറച്ചൊന്നുമല്ല ഉമയെ സഹായിച്ചത്‌. എല്ലാവിഭാഗത്തിലുമുള്ള വോട്ട്‌ ലഭിച്ചു. ജാതിരാഷ്‌ട്രീയത്തോടു എതിര്‍പ്പുള്ള വലിയവിഭാഗത്തിന്റെ വോട്ട്‌ യു.ഡി.എഫിനു ലഭിച്ചു. പുരോഗമന വിഭാഗത്തിന്റെ സ്വീകാര്യത ഇതുവഴി നേടാനായി.

ബി.ജെ.പി. വോട്ട്‌ കുറഞ്ഞു

കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഒരുമിച്ചിറങ്ങിയിട്ടും ബി.ജെ.പിക്കു കുറഞ്ഞത്‌ 2526 വോട്ട്‌. ക്രൈസ്‌തവ വോട്ടുകള്‍ പ്രതീക്ഷിച്ച്‌ അവസാനനിമിഷം പി.സി. ജോര്‍ജിനെ വരെ രംഗത്തിറക്കിയിട്ടും ഫലമുണ്ടായില്ല.

ഗൗഡസാരസ്വത സമുദായ വോട്ടുകള്‍

ഗൗഡസാരസ്വത സമുദായാംഗമായ ഉമ തോമസിനു സമുദായത്തിന്റെ മുഴുവന്‍ വോട്ടും ലഭിച്ചതായാണു വിലയിരുത്തല്‍. ബി.ജെ.പിക്കു വോട്ട്‌ കുറയാന്‍ പ്രധാന കാരണവും ഇതാണ്‌. ഗൗഡസാരസ്വത സമുദായത്തില്‍ ജനിച്ച ഒരാള്‍ ആദ്യമായി നിയമസഭയിലെത്തുകയാണ്‌, ഉമയിലൂടെ.

ന്യൂനപക്ഷ പിന്തുണ

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്‌ കേരളത്തില്‍ നാമാവശേഷമാകാന്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ്‌ തകര്‍ന്നാല്‍ പകരം ബി.ജെ.പി. സ്‌ഥാനം പിടിക്കുന്നതിനെ അവരിലൊരു വിഭാഗം ഭയന്നതു യു.ഡി.എഫിനു നേട്ടമായി.

ഇടതുപക്ഷ വിരുദ്ധവോട്ടുകള്‍ ഒന്നിപ്പിച്ചു

എല്‍.ഡി.എഫ്‌- സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഒന്നിപ്പിക്കാന്‍ യു.ഡി.എഫിനായി. അസംതൃപ്‌ത വിഭാഗങ്ങളുടെ വോട്ട്‌ കൃത്യമായി നിര്‍ണയിക്കാനും കഴിഞ്ഞു.

ട്വന്റി 20 യെ പിണക്കിയില്ല

ട്വന്റി20- എ.എ.പിയുടെ മനഃസാക്ഷി വോട്ടുകളി ല്‍ ഭൂരിഭാഗവും പോയതു യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്കാണെന്നാണു ഫലം തെളിയിക്കുന്നത്‌. പി.ടി. തോമസിനോടുള്ള എതിര്‍പ്പ്‌ അദ്ദേഹത്തിന്റെ ഭാര്യ ഉമയോടു ട്വന്റി 20 അനുഭാവികള്‍ കാണിച്ചില്ല. ട്വന്റി20- എ.എ.പിക്കാര്‍ യു.ഡി.എഫിനു വോട്ടുചെയ്യണമെന്നു വി.ഡി. സതീശനും കെ. സുധാകരനും അഭ്യര്‍ഥിച്ചിരുന്നു.

“കര്‍ദിനാളിന്റെ സ്‌ഥാനാര്‍ഥി”

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ പിന്തുണയുള്ള സ്‌ഥാനാര്‍ഥിയെന്ന ധാരണ സിറോ മലബാര്‍ സഭയില്‍ അദ്ദേഹത്തിന്റെ എതിരാളികളായഎറണാകുളം- അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും ആശങ്കയോടെ കണ്ടു. സഭാ ആസ്‌ഥാനമായ തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ്‌ എം.എല്‍.എയാകുന്നതു തങ്ങള്‍ക്കു ഭീഷണിയാണെന്ന പ്രചാരണമുണ്ടായി. അങ്ങനെ ജോ ജോസഫിനു കിട്ടേണ്ട സഭാ വോട്ടുകള്‍ വന്‍ തോതില്‍ ഉമയ്‌ക്കു ലഭിച്ചു.

വിവാദങ്ങളില്‍ പെടാതെ ഉമ

വിവാദങ്ങളില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ ഉമ തോമസ്‌ തുടക്കംമുതല്‍ ശ്രദ്ധിച്ചു. വാക്കുകളില്‍ മിതത്വം പാലിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കുന്നതില്‍ സൂക്ഷ്‌മത പാലിച്ചു. എതിരാളികളെയും കെ.വി. തോമസിനെയുമൊക്കെ വാക്കില്‍പോലും വേദനിപ്പിക്കാതെ വോട്ടര്‍മാരില്‍ മതിപ്പുളവാക്കി.

തോറ്റാല്‍ “വാട്ടര്‍ലൂ” എന്ന ചിന്ത

കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായ ശേഷമുള്ള ആദ്യ പരീക്ഷണം എന്ന നിലയില്‍ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയിലെ വിജയം വി.ഡി.- കെ.എസ്‌. കൂട്ടുകെട്ടിന്‌ അനിവാര്യമായിരുന്നു. തോറ്റാല്‍, തൃക്കാക്കര തങ്ങള്‍ക്കും യു.ഡി.എഫിനും “വാട്ടര്‍ലൂ” ആകുമെന്ന തിരിച്ചറിവില്‍ അവര്‍ സര്‍വസാന്നഹവും രംഗത്തിറക്കി.

ആലപ്പുഴ, പി.സി. ജോര്‍ജ്‌ സംഭവങ്ങള്‍

തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശത്തിനു മുമ്പുണ്ടായ രാഷ്‌ട്രീയ സംഭവവികാസങ്ങളും അനുകൂലമാക്കാന്‍ യു.ഡി.എഫിനായി. എസ്‌.ഡി.പി.ഐയുടെ റാലിയില്‍ കുട്ടിയുടെ മുദ്രാവാക്യവും പി.സി. ജോര്‍ജിന്റെ വിദ്വേഷപ്രസംഗവുമെല്ലാം സംസ്‌ഥാനത്തിന്റെ മതേതരമുഖത്തിനു കളങ്കമുണ്ടാക്കിയെന്നും വര്‍ഗീയപ്രീണനമാണു കാരണമെന്നും പ്രതിപക്ഷത്തിനു വാദിച്ചുറപ്പിക്കാനായി.

കെ റെയില്‍ ഇഫക്‌ട്‌

കെ റെയില്‍ സമരം തൃക്കാക്കരയില്‍ എത്തിയില്ലെങ്കിലും കല്ലിടല്‍ നടന്ന തെക്കന്‍ ജില്ലകളില്‍നിന്നുള്ള നിരവധി പേര്‍ മണ്ഡലത്തില്‍ വോട്ടര്‍മാരുണ്ട്‌. നാട്ടിലെ സംഭവവികാസങ്ങള്‍ അവരെ സ്വാധീനിച്ചതായാണു വിലയിരുത്തല്‍. വികസന മുദ്രാവാക്യം വേണ്ടവിധം ഏശിയുമില്ല.

മുഖ്യമന്ത്രിക്കു കടിഞ്ഞാണിടണമെന്ന ചിന്ത

സെഞ്ച്വറി തികച്ച്‌ അജയ്യനായി മുന്നേറാനുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമത്തിന്‌ എങ്ങിനെയും തടയിടണമെന്ന പ്രതിപക്ഷ പ്രചാരണവും നിഷ്‌പക്ഷ വോട്ടുകളെ സ്വാധീനിച്ച ഘടകങ്ങളില്‍ ഒന്നായി.