വടകരയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. യുവാവിന്റെ കാറും കത്തിച്ചു. കഴിഞ്ഞ രാത്രി കല്ലേലിയിലാണ് സംഭവം. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സംഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. യുവാവിന് പരിചയമുള്ളവര്‍ തന്നെയാണ് മര്‍ദനത്തിനു പിന്നിലെന്ന് സൂചനയുണ്ട്. സംഘം വീട്ടില്‍ വന്ന് വിളിച്ചപ്പോള്‍ തന്നെ യുവാവ് കൂടെപോയത് ഇതിനാലായിരിക്കണമെന്ന് പോലീസ് കരുതുന്നു.

കണ്ണൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ ആക്രമണമാണെന്ന സംശയവുമുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവില്‍ നിന്ന് പോലീസ് പ്രാഥമിക വിവരം ശേഖരിച്ചു. വിശദമായി മൊഴിയെടുത്താല്‍ മാത്രമേ ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമാകൂ.

മര്‍ദനമേറ്റ യുവാവിന് സ്വര്‍ണക്കടത്ത് പശ്ചാത്തലമുള്ളതായി സൂചനയില്ല. നാട്ടില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് മുന്‍പ് ഒരിക്കലും സ്വര്‍ണക്കടത്തില്‍ ഇടപെട്ടതായി വിവരവുമില്ല. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നാണ് ഇയാളും നല്‍കുന്ന മൊഴി. ആളുമാറിയതാവാമെന്നും വ്യക്തിവൈരാഗ്യമാകാമെന്നുമാണ് യുവാവിന്റെ മൊഴി.

എന്നാല്‍ വിശദമായി മൊഴിയെടുത്ത ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നാണ് പോലീസ് വ്യക്തമക്കുന്നത്.