ന്യൂഡല്‍ഹി: ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ഭീഷണിക്കിടയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളൊരുക്കി ഇന്ത്യ അറുപത്തേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാജ്യത്തിന്റെ ശ്ക്തിയും പാരമ്പര്യവും സംസ്‌കാരവും വിളംബരം ചെയ്യുന്ന റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹി രാജ്പഥില്‍ നടന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്‍ദേയായിരുന്നു മുഖ്യാതിഥി.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റേയും ഐസിസ് ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകളുടേയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷം. വിമാന വേധ മിസൈല്‍ സംവിധാനമടക്കമുള്ളവ സജ്ജമാക്കിയിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 10.35നും 12.15 നും ഇടയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ അനുവാദം നല്‍കിയിരുന്നില്ല. പാരീസ് ആക്രമണത്തിന്റെ നമാതൃകയില്‍ ഡല്‍ഹിയിലും ആക്രമണം നടത്തുമെന്ന് ഐസിസ് ഭീഷണിയേത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഇത്തവണത്തെ പരേഡ് 90 മിനിറ്റായി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 115 മിനിറ്റായിരുന്നു. ഫ്രഞ്ച് സൈന്യത്തിന്റെ ഒരു വിഭാഗം പരേഡില്‍ മാര്‍ച്ച് ചെയ്തതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മാറ്റു കൂട്ടിയത്. ചരിത്രത്തിലാദ്യമായാണ് ഒരു വിദേശ സേനാവിഭാഗം പരേഡില്‍ പങ്കെടുക്കുന്നത്. 1604ല്‍ രൂപവത്കരിച്ച 35-ാം കാലാള്‍ സേനയാണ് പരേഡില്‍ പങ്കെടുത്തത്. 1780ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താനൊപ്പം ഈ സൈനികവിഭാഗം യുദ്ധം ചെയ്തിട്ടുണ്ട്.