അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായി ഇന്ത്യന്‍ വംശജനായ മൈക്കിള്‍ കുരുവിള. ബ്രൂക്ക്ഫീല്‍ഡ് പോലീസ് തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ കൂടിയാണ് ഇദ്ദേഹം.ജൂലായ് 12-നാണ് കുരുവിള സ്ഥാനം ഏറ്റെടുക്കുക.

ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്കിന്റെ ശുപാര്‍ശ പ്രകാരം ബ്രൂക്ക് ഫീല്‍ഡ് അധികൃതര്‍ മൈക്കിള്‍ കുരുവിളയുടെ പേര് അംഗീകരിക്കുകയായിരുന്നു. “ഒരു പോലീസ് മേധാവിയാകാനുള്ള എല്ലാ കഴിവുകളും പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്. 15 വര്‍ഷത്തെ അനുഭവപരിചയവുമുണ്ട്,“ ആക്ടിങ് പോലീസ് മേധാവി എഡ്വോര്‍ഡ് പെട്രാക്ക് ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ കുരുവിളയെ കുറിച്ച് പറഞ്ഞു.

നിലവില്‍ ബ്രൂക്ക് ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് മേധാവിയാണ് 37-കാരനായ മൈക്ക് കുരുവിള. 2006-ല്‍ ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ നിയമിതനായ ആദ്യ ഇന്ത്യന്‍ വംശജനായിരുന്നു അദ്ദേഹം. 2006-ല്‍ ഷിക്കാഗോയിലെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്ന് സാമൂഹ്യപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു പോലീസിലെത്തിയത്.

സേനയിലെത്തുന്നതിന് മുമ്പായി ബ്രൂക്ക് ഫീല്‍ഡ് പോലീസില്‍ സോഷ്യല്‍ വര്‍ക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട് കരുവിള. പോലീസ് ജോലി തന്റെ ഒപ്ഷനായിരുന്നില്ലെന്നും അവിചാരിതമായിട്ടാണ് താന്‍ ഇതിലേക്ക് കടന്നുവന്നതെന്നും കുരുവിള പറയുന്നു. എന്നാല്‍ ജോലിയോടുള്ള എന്റെ അഭിനിവേശം വര്‍ഷങ്ങള്‍കൊണ്ട് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം 40 വയസ്സിന് താഴെയുള്ളവര്‍ക്ക് ലഭിക്കുന്ന പോലീസ് അവാര്‍ഡ് ജേതാക്കളില്‍ ഒരാളായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പോലീസ് കുരുവിളയെ തിരഞ്ഞെടുത്തിരുന്നു. കോട്ടയം മന്നാനം പറപ്പള്ളില്‍ ചിറ കുടുംബാംഗം ജോണ്‍ കുരുവിളയുടേയും സെലീനയുടേയും മകനാണ് മൈക്കിള്‍ കുരുവിള. ഭാര്യ സിബിളും യുഎസില്‍ സാമൂഹ്യപ്രവര്‍ത്തകയാണ്.