ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് വ്യാപനം എങ്ങനെയെങ്കിലും തടയുന്നതിനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ. ലോക് ഡൗണിലൂടെയും സമൂഹ വ്യാപനത്തിലൂടെയും കൊറോണാ വൈറസിനെ തടയുവാനായിട്ട് ശ്രമിക്കുമ്പോഴും ഓരോദിവസവും രോഗ വ്യാപ്തി കൂടുന്നതിന്റെ കണക്കുകളാണ് പുറത്തു വരുന്നത്. പല വൻശക്തികളും കൊറോണ വ്യാപനത്തെ തടയാനായിട്ട് പരാജയപ്പെടുന്നതിന്റെ നേർചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടു . ലോക പോലീസായ അമേരിക്കയുടെ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനുള്ള കഴിവ് ചീട്ടുകൊട്ടാരംപോലെ തകർന്നടിയുന്നതും ഈ ദിവസങ്ങളിൽ കണ്ടുകഴിഞ്ഞു. ലോകരാഷ്ട്രങ്ങൾ കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് വിമുക്തി നേടി കഴിഞ്ഞാൽ ആദ്യമായി ചെയ്യുന്ന ഒരു കാര്യം ചൈനയെ ഒറ്റപ്പെടുത്തുന്നതാണെന്നുള്ള സൂചനകൾ മാധ്യമങ്ങളിൽ വന്നിരുന്നു. കൊറോണാ വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാനിൽ നിന്നാണെങ്കിലും രോഗത്തെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചുമുള്ള കണക്കുകൾ ചൈന പുറത്തുവിട്ടില്ലെന്നും മറ്റുള്ള രാഷ്ട്രങ്ങൾക്ക് ശരിയായ രീതിയിലുള്ള മുന്നറിയിപ്പ് നൽകിയില്ല എന്നുമുള്ള പരാതി ഇപ്പോൾ തന്നെ   മറ്റു രാജ്യങ്ങൾക്കുണ്ട്. അതോടൊപ്പം ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലെ ഇന്റലിജൻസ് ബ്യൂറോ ചൈനയുമായിട്ടുള്ള വ്യവസായ ബന്ധങ്ങളിൽ പുനർചിന്തനം ആവശ്യമാണെന്ന മുന്നറിയിപ്പ് ഗവൺമെന്റിന് നൽകി കഴിഞ്ഞു.

ഡിജിറ്റൽ കമ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ചൈനീസ് കമ്പനികളുടെ പ്രവർത്തനം കുറയ്ക്കേണ്ടതുണ്ടോ? ചൈനീസ് വിദ്യാർത്ഥികളെ ബ്രിട്ടീഷ് സർവകലാശാലകളിൽ ഗവേഷണത്തിന് അവസരം നൽകേണ്ടതുണ്ടോ? തുടങ്ങിയവയെക്കുറിച്ച് വരുംകാലങ്ങളിൽ ബ്രിട്ടീഷ് ഗവൺമെന്റ് തലത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടായേക്കാം. അമേരിക്കയുടെ എതിർപ്പിനെ മറികടന്ന് ചൈനീസ് കമ്പനിയായ ഹുവായ്ക്ക്‌ ബ്രിട്ടീഷ് ടെലികമ്യൂണിക്കേഷൻ മേഖലയിൽ കരാർ നൽകിയതിനെക്കുറിച്ച് ഗവൺമെന്റു തലത്തിൽ ആലോചനകൾ ചൂടുപിടിക്കും .

പകർച്ച വ്യാധി ശമിച്ചതിനു ശേഷം യുകെ ചൈനയുമായുള്ള തങ്ങളുടെ വിശാല ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്നാവശ്യപ്പെട്ട് ബോബ് സീലിയുടെ നേതൃത്വത്തിലുള്ള 15 ടോറി എംപിമാരും മുൻ മന്ത്രിമാരായ ഇയാൻ ഡങ്കൻ സ്മിത്തും, ഡേവിഡ് ഡേവിസും വാരാന്ത്യത്തിൽ ബോറിസ് ജോൺസനു കത്ത് നൽകിയിരുന്നു. കൂടുതൽ എംപിമാർ സമാന രീതിയിൽ ചിന്തിക്കാനുള്ള സാഹചര്യത്തിലേയ്ക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് . കൊറോണാ വൈറസിന്റെ വ്യാപനവും വ്യാപ്തിയും മരണസംഖ്യയും ചൈന ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്തില്ലെന്നുള്ള പരാതി അമേരിക്കൻ ഇന്റലിജൻസ് വിഭാഗവും ഗവൺമെന്റിനു കൈമാറിയിരുന്നു. സമാനരീതിയിൽ ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാനും ചൈനയുമായിട്ടുള്ള വ്യാപാരങ്ങളെക്കുറിച്ച് പുനരാലോചിക്കുന്നതായി മാധ്യമ വാർത്തകൾ പുറത്തുവന്നിരുന്നു. ചൈനയുമായിട്ട് വാണിജ്യ വ്യാപാര കരാറുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് കൂടുതൽ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.