എല്ലാക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ഡയാന രാജകുമാരിയുടെത്. എന്തിനേറെ പറയുന്നു ഡയാനയുടെ സ്വകാര്യ ജീവിതം പോലും പാപ്പരാസികൾ വെറുതെ വിട്ടില്ല. ഇപ്പോൾ ഡയാനയെക്കുറിച്ച് പുറത്തു വരുന്ന ഒരു വാർത്ത അവർ പത്തു വർഷത്തോളം അവരെ പിന്തുടർന്ന ഒരു രോഗത്തെക്കുറിച്ചാണ്. ബുളീമിയ എന്ന ഈറ്റിംഗ് ഡിസോർഡർ ആണ് അവർക്ക് ഉണ്ടായിരുന്നത്. ഈ രോഗത്തെക്കുറിച്ച് ഡയാന തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

19 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഡയാനയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചത്. വയറുനിറയെ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ വല്ലാത്ത കുറ്റബോധം ഉണ്ടാകും. പിന്നീട് എങ്ങനെയെങ്കിലും ഉള്ളിൽ ചെന്ന ഭക്ഷണം ശർദ്ദിച്ചു കളയുക എന്നതാണ് പ്രധാന ചിന്ത. ഈ രോഗമുള്ളവരുടെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുകയില്ല. എപ്പോഴും ഒരേ പോലെ ആയിരിക്കും. ആഹാരം കഴിക്കുന്നതിലുള്ള ക്രമക്കേടുകൾ ആണ് മിക്കപ്പോഴും ഈ അസുഖത്തിലേക്ക് നയിക്കുന്നത്. സ്വയം വെറുപ്പ് തോന്നുന്നതും ഈ രോഗത്തിന് പ്രത്യേകതയാണ്.

ഗൗരവതരമായ ഒരു ഈറ്റിംഗ് ഡിസോഡർ ആണ് ബുളീമിയ. ഈ രോഗമുള്ളവർ ഒരു ദിവസം അഞ്ചോ ആറോ തവണ ഭക്ഷണം കഴിക്കും. പിന്നീട് അത്രയും ഭക്ഷണം കഴിച്ചല്ലോ എന്ന കുറ്റബോധം ഇവരെ വേട്ടയാടും. ഇതോടെ കഴിച്ച ഭക്ഷണം മുഴുവൻ ഇവർ സ്വയം ശർദ്ദിച്ചു കളയും. എന്തുകൊണ്ടാണ് ഈ രോഗം വരുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ കാരണങ്ങളൊന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഈ അസുഖമുള്ളവർ പൊതുവായി പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്.

ഇവർക്ക് എല്ലായിപ്പോഴും ശരീര ഭാരത്തെയും ആകാര വടിവിനെയും കുറിച്ച് വലിയ ആശങ്കയാണ് ഉള്ളത്. ശരീരത്തിന്റെ ഭാരം വർദ്ധിക്കുമോ എന്ന ഭയം എല്ലായിപ്പോഴും ഇവർക്ക് ഉണ്ടായിരിക്കും. ഇത്തരക്കാർ കടുത്ത ഡയറ്റുകളും വ്യായാമ രീതികളും പിന്തുടരും. ശരീരത്തിലെ കലോറി കുറയ്ക്കുന്നതിനാണ് ഇവര്‍ കഴിച്ച ഭക്ഷണം ശർദ്ദിച്ചു കളയുന്നത്.