ആലപ്പുഴ സ്വദേശി സരിതയുടെ മരണത്തിന് പിന്നാലെ യുവതിയെ കാമുകന്‍ താലി ചാര്‍ത്തിയതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവിന്റെ കുടുംബം. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത(24)യുടെ ആത്മഹത്യക്ക് പിന്നാലെയാണ് കാമുകന്‍ പ്രവീണ്‍ പാവുമ്പയിലെ ക്ഷേത്രത്തില്‍ വച്ച് താലി കെട്ടി എന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ട് ഭര്‍ത്താവിന്റെ കുടുംബം രംഗത്ത്.

സതീഷ് കെട്ടിയ താലി ചിത്രപണികള്‍ ചെയ്തതായിരുന്നു. എന്നാല്‍ സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്നായിരുന്നു. ഇത് തെളിയിക്കാനായി വിവാഹ ചിത്രവും ഇപ്പോള്‍ കിട്ടിയ താലിയുടെ ചിത്രവുമാണ് സതീഷിന്റെ കുടുംബം പുറത്ത് വിട്ടിരിക്കുന്നത്.

രണ്ടരവര്‍ഷം മുന്‍പാണ് എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്പതിമാരുടെ മകള്‍ സവിതയെ ദുബായില്‍ ജോലി ചെയ്യുന്ന സതീഷ് വിവാഹം കഴിച്ചത്. സതീഷിന്റെ മാതാവ് സവിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം പോലീസില്‍ മൊഴി നല്‍കിയതോടെയാണ് സവിതയ്‌ക്കെതിരെയുള്ള തെളിവും പുറത്ത് വിടുന്നതെന്ന് ഭര്‍ത്താവ് സതീഷ് പറഞ്ഞു.

സവിത മുന്‍പ് മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുപോയിരുന്നു. അവിടെ മണപ്പള്ളി സ്വദേശിയായ കല്ലുപുരയ്ക്കല്‍ ബാബുവിന്റെ മകന്‍ പ്രവീണു(25)മായി അടുപ്പമുണ്ടായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. കാമുകനായ പ്രവീണിനെ രാത്രിയില്‍ വിളിച്ചു വരുത്തിയ ശേഷം തര്‍ക്കമുണ്ടാകുകയും കാമുകന്‍ കെട്ടിയ താലി പൊട്ടിച്ചെറിഞ്ഞ ശേഷം കിടപ്പു മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഈ പൊട്ടിച്ചെറിഞ്ഞ താലി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരികെ നല്‍കിയപ്പോഴാണ് പഴയ താലിയുടെ ചിത്രം സഹിതം തെളിവു പുറത്ത് വിട്ടത്.

കഴിഞ്ഞ നാലിനാണ് സവിതയെ ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടു പോയി ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയത്. സവിത ഭര്‍തൃമാതാവിനോട് പാവുമ്പ കാളിയമ്പലത്തില്‍ പോകുകയാണ് എന്ന് പറഞ്ഞാണ് രാവിലെ ഇറങ്ങിയത്. തിരികെ വരുമ്പോള്‍ സതീഷ് കെട്ടിയ താലിമാല കാണാനില്ലായിരുന്നു. പകരം കഴുത്തില്‍ മഞ്ഞച്ചരട് കിടക്കുന്നതാണ് കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട സതീഷിന്റെ മാതാവ് താലിയെവിടെ എന്ന് ചോദിച്ചപ്പോള്‍ ചരടില്‍ കോര്‍ത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്.

പിന്നീട് ഇവര്‍ സവിതയുടെ കഴുത്തില്‍ കിടക്കുന്നത് തന്റെ മകന്‍ കെട്ടിയ താലി അല്ല എന്നും കാമുകന്‍ താലി കെട്ടി എന്നും അവര്‍ മനസ്സിലാക്കിയത്. വിദേശത്തുള്ള മകനെ അറിയിച്ച് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട എന്ന് കരുതി താലികെട്ടിയ വിവരം മറച്ചു വച്ച് എത്രയും വേഗം നാട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം സതീഷ് രണ്ടു മാസത്തിനകം ജോലി രാജി വച്ച് നാട്ടിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സവിത ആത്മഹത്യ ചെയ്തത്.

അതേസമയം കാമുകന്‍ വീട്ടിലെത്തി എന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണിന്റെ ഷൂവും അടിവസ്ത്രമായ ബനിയനും പോലീസ് കണ്ടെടുത്തു. പ്രവീണ്‍ വീടിനുള്ളില്‍ രാത്രിയില്‍ പ്രവേശിക്കുന്നത് ടെറസിന്റെ സമീപത്ത് നില്‍ക്കുന്ന കവുങ്ങ് വഴിയാണെന്ന് പ്രാഥമികമായി കണ്ടെത്തി. കാരണം ഇതിന്റെ ചുവട്ടില്‍ നിന്നുമാണ് ഷൂ കണ്ടെടുത്തത്. കവുങ്ങ് വഴി ടെറസില്‍ കയറിയാല്‍ അവിടെ നിന്നും അകത്തേക്കുള്ള സ്റ്റെയര്‍ വഴി ഉള്ളില്‍ പ്രവേശിക്കാനാകും. ഒളിവില്‍ പോയിരിക്കുന്ന പ്രവീണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ.

സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയപ്പോള്‍ കുട്ടിയും മുറ്റത്തിറങ്ങിയിരുന്നു. ഇതിനിടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തില്‍ കിടന്ന താലിമാലയും മൊബൈല്‍ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു. പിന്നീട് കിടപ്പു മുറിയില്‍ കയറി വാതിലടച്ചു.

ഇതോടെ പരിഭ്രാന്തനായ പ്രവീണ്‍ ജനാലയില്‍ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണര്‍ന്ന ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും ജനല്‍ തകര്‍ത്ത് നോക്കിയപ്പോള്‍ സവിത തൂങ്ങിനില്‍ക്കുന്നതുമാണ് കാണുന്നത്. പിന്നീട് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നില്‍ക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. ഈ സമയം പ്രവീണ്‍ അവിടെ തന്നെയുണ്ടായിരുന്നെങ്കിലും പിന്നീട് രക്ഷപെട്ടു. ഇപ്പോള്‍ ഇയാളുടെ ഭാര്യയും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.