ഒരമ്മ കുഞ്ഞിനെ നോക്കുന്നതുപോലെ നാലര വർഷമായി ഹരിയെ പരിചരിക്കുന്ന ഭാര്യ ശോഭയ്ക്കറിയാം. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെന്ന്. കടന്നു പോയ യാതനകൾക്ക് അത്ര വേദനയായിരുന്നു. നഷ്ടമായ സ്വപ്നങ്ങൾക്ക് അത്രയും വിലയുണ്ടായിരുന്നു. എങ്കിലും ഈ നഷ്ടപരിഹാരത്തുക പിടിവള്ളിയാണ്. കാരണം ഹരിയുടെ ചികിൽസ നടത്താമല്ലോ? ശോഭ ആശ്വസിക്കുന്നത് അങ്ങിനെയാണ്. പലിശ ഉൾപ്പെടെ 2.63 കോടി രൂപയാണ് അപകടത്തിൽ തളർന്ന ഹരിയ്ക്ക് നഷ്ടപരിഹാരമായി കിട്ടിയത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക ഭർത്താവിന്റെ ദുരന്തത്തിനു പകരമായി അനുവദിച്ച ദിവസം വീട്ടിലിരുന്ന് ശോഭ പഴയകാലം ഓർത്തു. വേളി ഇംഗ്ലിഷ് ഇന്ത്യൻ ക്ലേയിലെ ജോലിക്കു പുറമെ ഐഎൻടിയുസി യൂണിയൻ ജനറൽ സെക്രട്ടറിയും പാഴോട്ടുകോണം വാർഡ് പ്രസിഡന്റുമായിരുന്ന ഹരികുമാറിന്റെ ചുറുചുറുക്കുള്ള കാലം. എൻഎസ് എന്ന് ആളുകൾ സ്നേഹപൂർവം വിളിച്ചിരുന്ന സാമൂഹ്യപ്രവർത്തകൻ ഭാര്യയുടെ വാക്കുകൾ നിശ്ശബ്ദം കേട്ടിരുന്നു. ഇടയ്ക്ക് സംസാരം നിർത്തി ശോഭ ഹരിയുടെ മുഖം തുടച്ചു കൊടുത്തു.
‘‘അപകടത്തെത്തുടർന്ന് ഒന്നരമാസം അബോധാവസ്ഥയിലായിരുന്നു.. മുഖത്തെ എല്ലുകൾ പൊട്ടിപ്പൊടിഞ്ഞു. തുടരെ ശസ്ത്രക്രിയകൾ. പിന്നെ വളരെ പതുക്കെ ജീവിതത്തിലേക്ക് തിരികെ വന്നു. നിശ്ശബ്ദമായി . അപകടത്തോടെ സംസാരശേഷി പൂർണമായും അന്യമായിരുന്നു.ഭക്ഷണം ആദ്യം മൂക്കിലൂടെ ട്യൂബ് ഇട്ടായിരുന്നു നൽകിയത്.. അണുബാധ ഭയന്ന് പിന്നീട് വയറ്റിൽ നിന്നു തന്നെ ട്യൂബിട്ടു. ചികിൽസയുടെ തുടർച്ചയായി ഇൻസുലിൻ കുത്തിവയ്പു വേണ്ടിവന്നു. ’
കുത്തിവയ്പ് എടുക്കുന്നതും മൂത്രം പോകാനുള്ള ട്യൂബ് മാറ്റുന്നതുമൊക്കെ ശോഭ തന്നെയാണ്. ഇപ്പോൾ വായിലൂടെ ഭക്ഷണം കഴിക്കാമെന്നായിട്ടുണ്ട്. എഴുന്നേൽപ്പിച്ച് ഇരുത്തിയാൽ കസേരയിൽ ചാരി ഇരിക്കാനാകും..മൂന്നു കൊല്ലംകൊണ്ടാണ്.
ഇരിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് വന്നത്. എന്തെങ്കിലും ആവശ്യം അറിയിക്കുന്നത് ആംഗ്യം കൊണ്ടാണ്. പറഞ്ഞാൽ കേട്ടിരിക്കും. ശോഭയുടെ അമ്മ സുശീലാമ്മയും ഹരികൂമാറിനെ പരിചരിക്കാനായി ഇവർക്കൊപ്പം തന്നെയുണ്ട്. ‘‘പാഴായത് രണ്ടു ജന്മങ്ങളാണ്.’’ ശോഭ പറഞ്ഞു. ‘‘നഷ്ടം നഷ്ടം തന്നെയാണ്. പണം കൊണ്ട് ഒന്നും തിരികെകിട്ടില്ല. ചികിത്സയ്ക്കായി കമ്പനിയും പാർട്ടിയുമൊക്കെ സഹായിച്ചു.
വീടിരിക്കുന്ന സ്ഥലം ഒഴികെ ബാക്കി വിറ്റു. ഒരാളെ സഹായത്തിനു നിർത്താൻ കഴിയില്ലായിരുന്നു. ഫിസിയോ തെറപ്പി ചെയ്യുന്നതു വരെ നിർത്തേണ്ടി വന്നു. പക്ഷേ പഴയ ഹരികുമാറായി വീണ്ടും ഭർത്താവിനെ കാണണം, അതിനു വേണ്ടിയാണ് പിടിച്ചു നിന്നത്. കാണാൻ കഴിയുമെന്നാണ് വിശ്വാസവും’’. ശോഭയുടെ വാക്കുകൾക്ക് അസാധ്യമായൊരു കരുത്തുണ്ട്.അപകടത്തിനു മുൻപ് ആഘോഷമായിരുന്നു തങ്ങൾക്കു ജീവിതമെന്ന് ശോഭ ഓർക്കുന്നു. അതുകൊണ്ടു തന്നെ കരഞ്ഞിരുന്നില്ല. മക്കളുടെ പഠിപ്പു മുടക്കിയില്ല. രണ്ടാൺ മക്കളാണ് ഇവർക്ക്. മൂത്തയാൾ അനന്തകൃഷ്ണൻ സ്കോളർഷിപ്പോടെ ജർമനിയിൽ ബിബിഎയ്ക്ക് പഠിക്കുന്നു. രണ്ടാമൻ നന്ദകൃഷ്ണൻ പട്ടാളത്തിൽ ചേർന്നു.
2014 ജൂലൈ 20നു ഉച്ചയ്ക്ക് കവടിയാർ– വെള്ളയമ്പലം റോഡിലായിരുന്നു അപകടം.അപകടം നടക്കുമ്പോൾ ഹരികുമാറിന് 47 വയസായിരുന്നു. അപകടശേഷം കിടപ്പിലായ ഹരികുമാറിന് ഇപ്പോൾ കസേരയിൽ ചാരി ഇരിക്കാൻ കഴിയുന്നുണ്ടെങ്കിലും സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടതു വീണ്ടെടുക്കാനായിട്ടില്ല.
Leave a Reply