മോഷണം ലക്ഷ്യമാക്കി പൂട്ട് തകര്‍ത്ത് വീട്ടില്‍ കയറുന്ന കള്ളന്മാര്‍ വിലപിടിപ്പുള്ള എന്ത് കണ്ടാലും കീശയിലാക്കും എന്ന കാര്യത്തിൽ തർക്കമില്ലാത്തവർ ഒന്ന് മാറ്റി ചിന്തിക്കുന്നത് നല്ലതായിരിക്കും. അങ്ങാടി വെങ്ങാലിക്കര ആശ്വതിയില്‍ വികെ രാജഗോപാലന്റെ വീട്ടില്‍ കയറിയ കള്ളന്‍ ആണ് ഈ കീഴ്‌വഴക്കം ലംഘിച്ചത്! മാലയും, മൂന്ന് വളകളും, രണ്ട് മോതിരവും അടക്കം ഏഴ് പവന്‍ മോഷ്ടിച്ചപ്പോളും മാലയില്‍ കോര്‍ത്തിരുന്ന താലി ഊരി കള്ളന്‍ മേശപ്പുറത്ത് വെച്ചു. എന്തായാലും വിവാഹത്തെക്കുറിച്ചും താലിയെക്കുറിച്ചും നല്ല അവബോധമുള്ള കള്ളൻ തന്നെ. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. വീടിന്റെ മുകള്‍ നിലയില്‍ നിന്നും ടെറസിലേക്ക് ഇറങ്ങി, ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. മുകള്‍ നിലയിലെ മുറിയിലുള്ള അലമാര താക്കോല്‍ ഉപയോഗിച്ചു തുറന്നെങ്കിലും ഒന്നും കിട്ടിയില്ല.

പിന്നീടാണ് താഴെയെത്തിയത്. പിഡബ്ല്യുഡി ഉദ്യോഗസ്ഥയായ രാജഗോപാലിന്റെ ഭാര്യ ജോലി കഴിഞ്ഞു വന്നപ്പോള്‍ ആഭരണങ്ങള്‍ ഊരി ഡപ്പയിലാക്കി കിടപ്പുമുറിയോടു ചേര്‍ന്നു മേശപ്പുറത്തു വച്ചിരിക്കുകയായിരുന്നു. ഡപ്പിയില്‍ നിന്ന് ആഭരണങ്ങളെല്ലാം എടുത്തു. മേശപ്പുറത്തിരുന്ന വാനിറ്റി ബാഗിലുണ്ടായിരുന്ന നാനൂറോളം രൂപയും കൈക്കലാക്കി. വീടിനകത്ത് കയറിയ വഴിയിലൂടെ തന്നെയാണ് മോഷ്ടാവ് മടങ്ങിയതും. അപ്പോഴാണ് മാലയില്‍ നിന്നു താലി ഊരിയെടുത്ത് മുകള്‍ നിലയിലെ മേശപ്പുറത്തു വച്ചത്. രാവിലെയാണ് രാജഗോപാലും ഭാര്യയും സംഭവം അറിയുന്നത്. വീടിന്റെ ഗേറ്റിലൂടെയാണ് മോഷ്ടാവ് മുകള്‍ നിലയില്‍ കയറിയതെന്നു പോലീസ് കരുതുന്നു. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പൊലീസ് മുറിക്കകം പരിശോധിച്ചപ്പോഴാണ് മേശപ്പുറത്തു താലി കണ്ടത്.