തിരുവനന്തപുരം: 2025-ൽ ലയണൽ മെസിയും ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമും കൊച്ചിയിൽ പ്രദർശന മത്സരം കളിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട ജിഎസ്ടി വെട്ടിപ്പ് ആരോപണത്തിൽ സംസ്ഥാന ധനവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം വേഗത്തിലാക്കി. ടീമിന്റെ സന്ദർശനം ഉറപ്പാക്കാനെന്ന പേരിൽ ഒരു സ്വകാര്യ സ്ഥാപനം വിദേശ സ്ഥാപനത്തിന് നടത്തിയ പണമിടപാടുകളാണ് അന്വേഷണ പരിധിയിലുള്ളത്.
126 കോടി രൂപ വിദേശ സ്ഥാപനത്തിന് ബാങ്കിങ് ചാനലുകൾ വഴി കൈമാറിയതായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നുവെന്നാണ് വിവരം. ഈ ഇടപാടിന് സംസ്ഥാന ഖജനാവിലേക്ക് 22.68 കോടി രൂപയുടെ സേവനനികുതി ബാധ്യത ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും അന്വേഷണം മുന്നോട്ടുപോകാതിരുന്നതിന്റെ കാരണവും എസ്ഐടി പരിശോധിക്കുന്നുണ്ട്.
വൻ പ്രചാരണങ്ങൾക്കൊടുവിൽ പ്രഖ്യാപനം യാഥാർഥ്യമാകാതിരുന്നതും മുൻ എൽഡിഎഫ് സർക്കാരിന്റെ പിന്തുണ ലഭിച്ചതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ജിഎസ്ടി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണം ഭാവിയിൽ കൂടുതൽ വ്യാപകമായ അഴിമതി അന്വേഷണത്തിന് നിയമപരമായ അടിത്തറയാകാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.











Leave a Reply