ഓസ്ട്രേലിയ ക്രിക്കറ്റ് ലോകം വാണിരുന്ന കാലത്ത് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട പല കാര്യങ്ങളും ഇന്ത്യ ഇന്ന് ചെയ്ത് വിജയിപ്പിച്ച് കാണിക്കുന്നെന്ന് പാകിസ്ഥാന് മുന്‍ താരം ഇന്‍സമാം ഉള് ഹഖ്. ഒരേസമയം രണ്ട് ടീമിനെ ഇറക്കി രണ്ട് രാജ്യങ്ങളിലായി കളിപ്പിക്കുന്ന ഇന്ത്യയുടെ തന്ത്രം സാഹചര്യങ്ങള്‍ മുതലെടുത്തു കൊണ്ടുള്ളതാണെന്നും ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ അമ്പതോളം താരങ്ങള്‍ പുറത്ത് റെഡിയായി നില്‍പ്പുണ്ടെന്നും ഇന്‍സമാം പറഞ്ഞു. ഒരേസമയം ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും പരമ്പര കളിക്കാന്‍ ഇന്ത്യന്‍ ടീമിനെ വിടുന്ന സാഹചര്യത്തിലാണ് ഇന്‍സമാമിന്റെ നിരീക്ഷണം.
‘രണ്ട് ഇന്ത്യന്‍ ടീം എന്നത് വളരെ രസകരമായ ആശയമാണ്. ഇന്ത്യ ഇന്ന് ചെയ്യാന്‍ ശ്രമിക്കുന്നത് ഓസ്ട്രേലിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തു. പക്ഷേ അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങല്‍ ഇന്ത്യയ്ക്ക് അനുകൂലമാണ്. ഒരു ദേശീയ ക്രിക്കറ്റ് ടീം രണ്ട് വ്യത്യസ്ത പരമ്പരകള്‍ കളിക്കുന്നത് ഇതാദ്യമാണെന്ന് ഞാന്‍ കരുതുന്നു. ഒരു രാജ്യത്ത് ഒരു ടീമും മറ്റൊരു രാജ്യത്ത് രണ്ടാം ടീമും. രണ്ടും ദേശീയ ടീമുകളാണ്.’
‘ഓസ്ട്രേലിയ അവരുടെ പ്രതാപ കാലത്ത് രണ്ട് ടീമുകളെ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ക്ക് അനുമതി ലഭിച്ചില്ല. അന്ന് ഓസ്ട്രേലിയക്ക് പോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇന്ത്യ ഇന്ന് ചെയ്യുന്നു. നിലവിലെ കോവിഡ് സാഹചര്യങ്ങളും പ്രോട്ടോക്കോളുകളും ഇന്ത്യ നല്ലവിധം ഇവിടെ മുതലെടുക്കുന്നു. അല്ലാത്ത പക്ഷം ഇന്ത്യയ്ക്ക് രണ്ട് രാജ്യങ്ങളിലേക്ക് ഒരേസമയം ടീമുകളെ അയക്കാന്‍ സാധിക്കുമായിരുന്നില്ല.’
‘ഇന്ത്യയ്ക്ക് ഇപ്പോള്‍ വളരെയധികം ശക്തിയുണ്ട്, അവര്‍ക്ക് ഇത് ചെയ്യാന്‍ കഴിവുണ്ട്. അവരുടെ കളിക്കാരുടെ എണ്ണം വളരെ വലുതാണ്, ഇത് കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് കഴിയും. ശ്രീലങ്കയിലേക്ക് പോകുന്ന കളിക്കാരെ നോക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ പ്രധാന ടീമാണെന്ന് തോന്നും, അതാണ് അവരുടെ ബെഞ്ച് ശക്തി. ഇന്ത്യന്‍ ദേശീയ ടീമിനായി കളിക്കാന്‍ 50തോളം കളിക്കാര്‍ പുറത്തുണ്ട്’ ഇന്‍സമാം പറഞ്ഞു.
Leave a Reply