ലണ്ടൻ: ലോകസഭാംഗത്വം റദ്ദാക്കപ്പെട്ട പ്രതിപക്ഷ നേതാവും, വയനാട് എംപി യുമായിരുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ പ്രവർത്തകർ ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ നടത്തിയ പ്രതിഷേധം അണപൊട്ടിയൊഴുകി. പാർലിമെന്റ് സ്‌ക്വയറിൽ ഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്‌പാഞ്‌ജലി സമർപ്പിച്ചതിനു ശേഷമാണ് പ്രതിഷേധ പരിപാടികൾ ആരംഭിച്ചത്.

രാഹുൽ ഗാന്ധിയെ പാർലിമെന്റിൽ നിന്നും അയോഗ്യനാക്കിയ, ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയും, സംഘപരിവാർ ഗൂഡാലോചനകൾക്കെതിരെയും ഐഒസി ഗ്ലോബൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ആഗോള തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലണ്ടൻ പാർലമെന്റ് സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധം ശ്രദ്ധേയമായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ദേശീയ പ്രസിഡണ്ട് കമൽ ദളിവാൽ ഉദ്ഘാടനം ചെയ്തു. ‘ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും പ്രത്യാശയുമായ ജനകീയ നേതാവിനെ ഭാരതജനത ആഗ്രഹിക്കുന്ന തലത്തിലെത്തിച്ചു നൽകുവാനായി എന്ത് വിലനൽകുവാനും സംരക്ഷിക്കുവാനും ഓരോ കോൺഗ്രസ്സുകാരനും ബാധ്യതയുണ്ടെന്നും, മാതൃ രാജ്യത്തെ അധോഗതിയിലേക്കും, അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്ന മോഡി സർക്കാരിനെ താഴെയിറക്കുവാൻ ഏവരും ഒറ്റക്കെട്ടായി രാഗത്തിറങ്ങുവാൻ പ്രതിജ്ഞാബദ്ധരാണെന്നും’ ഉദ്ഘാടന പ്രസംഗത്തിൽ കമൽ ഉദ്‌ബോധിപ്പിച്ചു.

നാഷണൽ വൈസ് പ്രഡിഡണ്ട് ഗുർമിന്ദർ രന്തവാ തന്റെ പ്രസംഗത്തിൽ ‘ലോകത്തിനു മുമ്പിൽ മുൻകാല ഭരണ നേതാക്കൾ ഉണ്ടാക്കിയെടുത്ത പ്രശസ്തിയും, അഭിമാനവും, ആജ്ഞാ ശക്തിയും, മതേതര ജനാധിപത്യ മുഖവും, സ്ത്രീകളുടെയും, പെൺകുട്ടികളുടെയും സുരക്ഷയും, ചെറുകിട ബിസിനെസ്സുകാരുടെയും കർഷകരുടെയും നിലനിൽപ്പും മോഡി ഭരണത്തിൽ താറുമാറായ അവസ്ഥയിലേക്ക് കൂപ്പു കുത്തുമ്പോൾ ജനഹിതത്തിനനുകൂലമായി പോരാടുന്ന രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കി തുറങ്കലിൽ അടച്ചിടുവാനുള്ള വ്യാമോഹം ജീവൻ കൊടുത്തും ഭാരത ജനത തടയുമെന്ന്’ പറഞ്ഞു.

തുടർന്ന് പ്രസംഗിച്ച ചേതൻ ശർമ്മ ‘വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് രാഹുലിനെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കി, വീണ്ടും ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ അതിലും കടുത്ത പരാമർശങ്ങൾക്ക് നിത്യേന എത്ര പേർ അയോഗ്യതക്കും, തെരഞ്ഞെടുപ്പിനുമുള്ള അവസരം ഉണ്ടാക്കുന്നുണ്ടാവുമെന്നും, സ്വന്തം ഭരണ തട്ടകത്തിൽ 160 ഓളം ക്രിമിനൽ കേസുകളിലെ പ്രതികൾ പാർലമെന്റിൽ സ്വൈര്യ വിഹാരം നടത്തുന്നുവെന്ന വസ്തുത ഗൗരവത്തോടെ വീക്ഷിക്കുവാൻ ഭാരത ജനതക്കുള്ള സമയമായിക്കഴിഞ്ഞുവെന്നും’ ഉദ്‌ബോധിപ്പിച്ചു.

‘അദാനി, ഷെൽ കമ്പനിയുടെ പേരിൽ ഇറക്കിയ 20,000 കോടിയുടെ കണക്കു ചോദിക്കുമ്പോൾ ജയിൽ ആണ് ഉത്തരമെങ്കിൽ ഭാരത മക്കൾ ഇതേ ചോദ്യങ്ങൾ ആവർത്തിക്കുമെന്നും അന്ന് ജയിലഴികൾ മതിയാവാതെ വരുമെന്നും’ സുധാകർ ഗൗഡ അഭിപ്രായപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘LIC, SBI പോലുള്ള പൊതുമുതൽ അദാനിയുടെ നിക്ഷേപത്തിൽ വെച്ച് കൊടുത്ത ബിജെപി യുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു ഭാവിയിൽ അതെ തുറുങ്കലുകൾ കാത്തിരിക്കുന്നുവെന്നോർമ്മിക്കണമെന്ന്’ സുജു ഡാനിയേൽ പറഞ്ഞു.

 

‘തലമുറകളിലൂടെ ഭാരതത്തിനു ഭരണ നേതൃത്വം നൽകി ജീവൻ വരെ ദാനം ചെയ്യേണ്ടി വന്ന മാഹാരഥന്മാരുടെ പിന്തലമുറക്കാരനെ ജയിലഴി എന്ന ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്തുവാൻ മോദിയും സംഘികളും ആയിട്ടില്ല’ എന്ന് തോമസ് ഫിലിഫ്പ പറഞ്ഞു.

പ്രിയംവദ താക്കൂർ നടത്തിയ പ്രസംഗത്തിൽ ‘ഇന്ത്യയുടെ പരമമായ ഭരണഘടനയും, ജനാധിപത്യ മതേതര മൂല്യങ്ങളും സ്വാതന്ത്ര അവകാശങ്ങളും ഇല്ലാതാക്കുവാനുള്ള തലത്തിലേക്ക് നയിക്കുന്ന സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുന്നതിനുള്ള അവസാന ആണിയാവും രാഹുൽ ഗാന്ധിക്കെതിരെയെടുത്ത നടപടിയെന്ന്’ അടിവരയിട്ടു പറഞ്ഞു.

അപ്പച്ചൻ കണ്ണഞ്ചിറ, ബിജു ജോർജ്, ജോർജ്ജ് ജേക്കബ്, അഷ്‌റഫ്, ജോർജ്ജ്, അശ്വതി നായർ, ജോയൽ, ജോൺ ചാൾസ് മണി, അഷ്റ അംജ്ജും, ഇമാം ഹഗ്, രാകേഷ് ബിക്കുമണ്ഡൽ, ബൽജിന്ദർ ജയിൻപുരി,ബിബിൻ ബോബച്ചൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

പാർലമെന്റിനു അഭിമുഖമായും മഹാത്‌മാ ഗാന്ധിയോട് ചേർന്ന് നിന്നും ആവേശപൂർവ്വം വിളിച്ച ‘വെള്ളക്കാരെ തുരത്തിയ ഞങ്ങൾ കൊള്ളക്കാരെ തുരത്തിടും തീർച്ച’ ‘രാഹുൽ ഗാന്ധി നയിച്ചോളൂ, ഭാരത ജനത പിന്നാലെ’ ‘മോഡി-അദാനി ബന്ധങ്ങൾ, ഇന്ത്യാ രാജ്യത്തിനു ബാദ്ധ്യത’ തുടങ്ങിയ മുദ്രാവാക്യങ്ങളാൽ മുഖരിതമായ പ്രതിഷേധ പരിപാടി വികാരോജ്ജ്വലമായി.

പ്രതിഷേധ പരിപാടിയുടെ കോർഡിനേറ്ററും, ഐഒസി വക്താവുമായ അജിത് മുതയിൽ നടത്തിയ നന്ദി പ്രകാശനത്തോടെ ഒന്നാം ഘട്ട പ്രതിഷേധ പരിപാടി സമാപിച്ചു.