ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്ടോക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന ‘ഓസ്ട്രേലിയ പ്ലസ്’ പദ്ധതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അംഗീകാരം നൽകി. സോഷ്യൽ മീഡിയ വിലക്കിനൊപ്പം ഓൺലൈൻ ഗെയിമുകളിലെ അപരിചിതരുമായി ചാറ്റ് ചെയ്യൽ, ലൈവ് സ്ട്രീമിങ്, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ തുടങ്ങിയ സൗകര്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. കുട്ടികളുടെ മാനസികാരോഗ്യവും ഓൺലൈൻ സുരക്ഷയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് മാതാപിതാക്കളുടെ അഭിപ്രായങ്ങളും വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. പൊതുജനാഭിപ്രായ സർവേയിലും സർക്കാർ നടത്തിയ കൂടിയാലോചനയിലും പങ്കെടുത്ത മാതാപിതാക്കളിൽ ഭൂരിഭാഗവും 16 വയസ് പ്രായപരിധിയെ അനുകൂലിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സൈബർ പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാൻ നടപടി സഹായിക്കുമെന്നാണ് പലരുടെയും വിലയിരുത്തൽ.

എന്നാൽ വിലക്ക് മാത്രം പ്രശ്നപരിഹാരമാകില്ലെന്ന ആശങ്കയും ചില മാതാപിതാക്കൾ പങ്കുവയ്ക്കുന്നു. കുട്ടികൾ നിയന്ത്രണങ്ങൾ മറികടക്കാൻ വഴികൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും, സാങ്കേതിക കമ്പനികൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. പ്രായനിർണയ സംവിധാനങ്ങളുടെ കാര്യക്ഷമതയും സ്വകാര്യതാ പ്രശ്നങ്ങളും ഇപ്പോഴും ചർച്ചയാകുന്ന വിഷയങ്ങളാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്നുവെന്ന കാര്യത്തിൽ പല കൗമാരക്കാരും യോജിക്കുന്നുണ്ടെങ്കിലും പൂർണ വിലക്കിനെക്കുറിച്ച് അഭിപ്രായഭിന്നത തുടരുകയാണ്. ചിലർ നിയന്ത്രണത്തെ സ്വാഗതം ചെയ്യുമ്പോൾ, മറ്റുചിലർ സുഹൃത്തുക്കളുമായുള്ള ബന്ധത്തിനും സാമൂഹിക ഇടപെടലുകൾക്കും ഇത് തിരിച്ചടിയാകുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നു.











Leave a Reply