മലയാളം യുകെ ന്യൂസ് ബ്യുറോ

ഇറാനിൽ നിന്നും സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്ന സംശയത്തിൽ സൂപ്പർ ടാങ്കർ ആയ ഗ്രേസ് 1 പിടിച്ചെടുക്കാൻ ഗിബ്രാൾട്ടറിലെ അധികാരികളെ ബ്രിട്ടീഷ് റോയൽ മറൈൻ സഹായിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ജൂലൈ 4ന് ആയിരുന്നു സംഭവം. 14 ദിവസത്തേക്ക് ഈ കപ്പൽ തടഞ്ഞുവെക്കാൻ കോടതി അനുമതി നൽകി. ടെഹ്റാനിലെ ബ്രിട്ടീഷ് അംബാസഡറെ വിളിച്ച്, ഇത് ഒരുതരത്തിലുള്ള കടൽകൊള്ള ആണെന്ന് ഇറാൻ പരാതിപ്പെട്ടു. ഇറാൻ ഇതിനെതിരെ പ്രതികരിക്കുമെന്ന് രാഷ്ട്രീയ നേതാവ് മൊഹ്‌സീൻ റെസിഐ മുന്നറിയിപ്പ് നൽകി. ടാങ്കർ വിട്ടയക്കാൻ ബ്രിട്ടൻ തയ്യാറായില്ലെങ്കിൽ ബ്രിട്ടൻെറ ടാങ്കർ പിടിച്ചെടുക്കുക എന്നത് ഇറാനിയൻ അധികാരികളുടെ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ ടാങ്കർ ക്രൂഡ് ഓയിൽ കടത്തിയെന്ന് വിശ്വസിക്കാൻ പല കാരണങ്ങളുമുണ്ടെന്ന് ഗിബ്രാൾട്ടറിലെ അധികാരികൾ അറിയിച്ചു.

ആദ്യം 72 മണിക്കൂർ സമയം ടാങ്കർ പിടിച്ചിടാനാണ് അനുമതി നല്കിയതെങ്കിലും പിന്നീട് അത് 14 ദിവസമായി കോടതി നീട്ടുകയായിരുന്നു. ഇറാനിലെ വിദേശകാര്യാലയം ബ്രിട്ടൻെറ ഈ നീക്കത്തെ അപലപിച്ചു. യുകെ വിദേശകാര്യാലയം, കടൽകൊള്ള എന്ന ഇറാന്റെ വാദത്തെ തള്ളിക്കളയുകയും ഇതിനെ ‘അസംബന്ധം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിന്‌ പിന്നിൽ യുഎസിന് പങ്കുണ്ടെന്ന വാദവുമായി പലരും രംഗത്ത് വന്നു. ബിബിസി റിപ്പോർട്ടർ ജോനാഥൻ ബീൽ ഇപ്രകാരം പറഞ്ഞു ” ഈ ഓപ്പറേഷൻ നടത്തിയത് ഗിബ്രാൾട്ടർ ആണെകിലും ഇതിനുപിന്നിലെ ബുദ്ധി യുഎസിന്റേതാവാം. ” സ്പെയിൻ വിദേശകാര്യ മന്ത്രി ജോസഫ് ബോറെല്ലും ഇതേ അഭിപ്രായം പറഞ്ഞു. ഇത് ഒരുതരത്തിലുള്ള കടൽകൊള്ള ആണെന്നും ഇറാനോടുള്ള ശത്രുതയാണ് ഇതിലൂടെ പ്രകടമാവുന്നതെന്നും രാഷ്ട്രീയ നേതാവ് മുസ്തഫ കവകേബിൻ ട്വീറ്റ് ചെയ്തു.

നടന്ന സംഭവത്തെ പ്രതികൂലിച്ച് പലരും സംസാരിച്ചു. ഇതൊരു മികച്ച വാർത്തയാണെന്ന് വൈറ്റ് ഹൗസ് സെക്യൂരിറ്റി അഡ്വൈസർ ജോൺ ബാൾട്ടൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനാർഥി ജെറമി ഹണ്ടും ഈ നീക്കത്തെ അനുകൂലിച്ചു സംസാരിച്ചു. യുകെയും ഇറാനും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കെയാണ് ഇങ്ങനെ ഒരു സംഭവം കൂടി ഉണ്ടായത്. ജൂണിൽ നടന്ന എണ്ണ ടാങ്കർ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്ന് ബ്രിട്ടൻ വാദിക്കുകയുണ്ടായി. നാസാനിൻ സാഗരി റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷ് – ഇറാനിയൻ സ്ത്രീയെ, ചാരപ്പണി നടത്തിയതിന്റെ പേരിൽ 2016 മുതൽ 5 വർഷത്തേക്ക് ജയിലിൽ അടച്ചിരിക്കുകയാണ്. ഇവരെ വിട്ടയക്കാനും ബ്രിട്ടൻ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.