സിഡ്നിയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ഏപ്രിൽ 15ന് അസീറിയൻ ഓർത്തഡോക്സ് ബിഷപ്പ് മാർ മാറി ഇമ്മാനുവേലിനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മുൻ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി വാസിം ഫയാദിനും പങ്കെന്ന് റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ ഫെഡറൽ പൊലിസിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച സിഡ്നിയിൽ നടന്ന വ്യാപകമായ തീവ്രവാദ തിരച്ചിലിൽ അഞ്ച് കൗമാരക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻ ഐഎസ് അനുഭാവി വാസിം ഫയാദിന് കൗമാരക്കാരുടെ ഭീകര ശൃംഖലയുമായി ബന്ധം ഉണ്ടെന്ന് മനസിലാക്കുകയും പൊലിസ് ചോദ്യം ചെയ്യുകയും ചെയ്തെന്ന് എബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2020 വരെ ഫയാദ് ഏഴ് വർഷം ജയിലിലിലായിരുന്നു. സിഡ്‌നിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സെല്ലിലെ അംഗമാണ് ഫയാദ് എന്ന് ജയിലിൽ വെച്ച് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. തീവ്രവാദ കുറ്റം ചെയ്യാൻ ചെറുപ്പക്കാരോ ദുർബലരോ ആയ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഉയർന്ന അപകടസാധ്യത അദേഹത്തിനുണ്ടെന്ന് 2021ൽ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
ന്യൂ സൗത്ത് വെയിൽസ് പോലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, ഓസ്‌ട്രേലിയൻ സീക്രട്ട് ഇൻ്റലിജൻസ് ഓർഗനൈസേഷൻ (ASIO), ന്യൂ സൗത്ത് വെയിൽസ് ക്രൈം കമ്മീഷൻ എന്നിവർ ഉൾപ്പെടുന്ന ജോയിൻ്റ് കൗണ്ടർ-ടെററിസം ടീമിലെ (ജെസിടിടി) 400 ഓളം ഉദ്യോഗസ്ഥരാണ് സിഡ്‌നിയിലെ 13 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. കൗമാരപ്രായക്കാരായ ഏഴ് ആൺകുട്ടികളെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടുപേർക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.
കുറ്റാരോപിതരായ ഫയാദ് ഉൾപ്പെടെ അഞ്ച് ആൺകുട്ടികളെയും രണ്ട് പുരുഷന്മാരെയും പോലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച നടന്ന റെയ്ഡിൽ ഫയാദിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തുകയോ ആസൂത്രണം ചെയ്യുകയോ ചെയ്തതുൾപ്പെടെ നിരവധി കുറ്റങ്ങൾ കുട്ടികൾക്കെതിരെ ചുമത്തി.
Leave a Reply