ഐസിസില്‍ ചേരാന്‍ നാടുവിട്ട ശേഷം ഇപ്പോള്‍ തിരികെ വരാന്‍ ശ്രമിക്കുന്നവരെ വിലക്കണമെന്നാവശ്യപ്പെട്ട് ഭീമന്‍ പെറ്റീഷന്‍. അഞ്ചര ലക്ഷത്തിലേറെ ആളുകളാണ് പെറ്റീഷന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഐസിസ് വധുവായ ഷമീമ ബീഗം ബ്രിട്ടനിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ഇത് യുകെ നിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഉണ്ടായ വിവാദങ്ങള്‍ക്കിടെയാണ് ഈ പെറ്റീഷന്‍ ചര്‍ച്ചയിലേക്ക് വീണ്ടും വരുന്നത്. ഐസിസില്‍ നിന്ന് തിരിച്ചു വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്ന് ശക്തമായി ഉയരുകയാണ്. മാര്‍ച്ച് 6നാണ് പെറ്റീഷനിലുള്ള ഒപ്പു സമാഹരണം അവസാനിക്കുന്നത്. എന്നാല്‍ പെറ്റീഷന് ലഭിച്ച വന്‍ ജനപിന്തുണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ ഇതിനോടുള്ള പ്രതികരണം അറിയിച്ചിരുന്നു.
ഒരാള്‍ക്ക് മറ്റെവിടെയും പൗരത്വമില്ലാതാകുന്ന അവസ്ഥയല്ലെങ്കില്‍ ബ്രിട്ടീഷ് പൗരത്വം എടുത്തു കളയുന്നതില്‍ ബുദ്ധിമുട്ടില്ലെന്നായിരുന്നു 2018 നവംബര്‍ 27ന് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. സിറിയിയില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ നിന്ന് എന്തെങ്കിലും ഭീഷണിയുണ്ടാകുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യുമെന്നും അത്തരക്കാര്‍ ക്രിമിനല്‍ കുറ്റത്തിന് അന്വേഷണം നേരിടുമെന്നും ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. ഈ യുകെ ഗവണ്‍മെന്റ്-പാര്‍ലമെന്റ് അപ്പീലിന് കഴിഞ്ഞയാഴ്ച ഷമീമയുടെ അഭിമുഖം പുറത്തു വന്നതിനു ശേഷം വലിയ ജനപിന്തുണയാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഹോം പേജിലുള്ള അപ്പീല്‍ ഇപ്പോള്‍ പോപ്പുലറായി മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഐസിസില്‍ നിന്ന് തിരിച്ചെത്തുന്നവരുടെ പൗരത്വം എടുത്തു കളയുകയും അവരുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു വാങ്ങുകയും ചെയ്യുന്നതിലൂടെ തീവ്രവാദികളില്‍ നിന്നും അവരുയര്‍ത്തുന്ന ഭീഷണികളില്‍ നിന്നും രാജ്യം സുരക്ഷിതമാകുകയാണ് ചെയ്യുന്നതെന്ന് അപ്പീലിന് തുടക്കം കുറിച്ച സ്റ്റീഫന്‍ കെന്റ് എഴുതുന്നു. പോലീസിനും സുരക്ഷാ സര്‍വീസുകള്‍ക്കും ആയിരക്കണക്കിന പൗണ്ട് ലാഭിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പെറ്റീഷനില്‍ അദ്ദേഹം പറയുന്നത്.
Leave a Reply