ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ മാസം അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു ബ്രിട്ടീഷ്-ഇസ്രായേൽ വംശജരായ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പാലസ്തീൻ തീവ്രവാദികളെ വധിച്ചതായി ഇസ്രായേൽ സുരക്ഷാ സേന അറിയിച്ചു. കലാഷ് നിക്കോവ് മോഡൽ ആയുധം ഉപയോഗിച്ച് അക്രമികൾ നിറയൊഴിച്ചപ്പോൾ പരുക്കേറ്റ റിന (15), മായ (20) എന്നിവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ അമ്മയായ 48 വയസ്സുകാരി ലൂസിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും അവർ പിന്നീട് മരണമടഞ്ഞു.

 

ഏപ്രിൽ 7 -ന് നടന്ന ജോർദാൻ വാലിയിലെ ഈ അക്രമത്തിന് കാരണം ഇസ്രയേലീ-പാലസ്തീനി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷമാണെന്നായിരുന്നു ഇസ്രയേലീ പട്ടാളം ആദ്യം അറിയിച്ചത്. പിന്നീട് ഇസ്രയേലീ വാഹനങ്ങളിൽ മാത്രം ബുള്ളറ്റിൻ്റെ ദ്വാരങ്ങൾ കണ്ടെത്തിയ സൈന്യം, ഇത് മനഃപൂർവം നടത്തിയ ആക്രമണമാണെന്ന് അറിയിക്കുകയായിരുന്നു. സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പാലസ്തീനികൾക്കും പരിക്കേറ്റു.

വ്യാഴാഴ്ച പുലർച്ചെ നാബ്ലസിൽ നടത്തിയ റെയ്ഡിൽ 200-ൽ അധികം ഇസ്രായേലി സൈനികരാണ് റെയ്ഡ് നടത്തിയത്. സംഭവസ്ഥലത്തെത്തിയ ഇസ്രായേൽ സൈന്യം തങ്ങൾക്ക് നേരെ റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചെന്ന് പാലസ്തീൻ പാരാമെഡിക്കുകൾ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ മൂന്ന് പാലസ്തീനികൾ മരിച്ചതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനഞ്ചും ഇരുപതും വയസ്സുള്ള ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള രണ്ടു പെൺകുട്ടികളുടെയും ഇവരുടെ മാതാവിന്റെയും മരണം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.