ഇസ്രായേലിലെ ഭരണകക്ഷിയായ ലികുഡ് പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് വൻ വിജയം. 72% വോട്ടുകൾ നേടിക്കൊണ്ടാണ് പാര്‍ട്ടിയിലെ സര്‍വ്വശക്തന്‍ താന്‍തന്നെയെന്നു അദ്ധേഹം വീണ്ടും തെളിയിച്ചിരിക്കുന്നത്. ഗിദിയോൻ സാര്‍ ആയിരുന്നു എതിരാളി. നേരത്തെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം നെതന്യാഹു 70 ശതമാനത്തിലധികം വോട്ടുകൾ നേടി മികച്ച വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു.
കഴിഞ്ഞ 14 വർഷമായി ലിക്കുഡിന്റെ തലവനും പ്രധാനമന്ത്രിയുമായ നെതന്യാഹുവിനെതിരെ മൂന്ന് പ്രധാന അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടിക്കകത്ത് അദ്ദേഹം അജയ്യനായി തുടരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസത്തിനും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞ അദ്ദേഹം, വരുന്ന തിരഞ്ഞെടുപ്പുകളിൽ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു.
ഗിദിയോൻ സാറിനെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ നെതന്യാഹുവിന്റെ ബലഹീനതകൾ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അഴിമതിക്കേസില്‍ സുപ്രീംകോടതിയുടെ നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് നെതന്യാഹു. ഈ വര്‍ഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ മികച്ച ഭൂരിപക്ഷത്തോടെ മുന്നിലെത്തിക്കുവാനോ സുസ്ഥിരമായൊരു സഖ്യകക്ഷി മന്ത്രിസഭ രൂപീകരിക്കുവാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ഏകദേശം 116,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് വോട്ടുള്ളത്. അതില്‍ 50% പേര്‍ മാത്രമാണ് വോട്ടു ചെയ്തത് എന്നതും ശ്രദ്ധേയമാണ്. പാർട്ടിക്ക് പുറത്തുള്ള നെതന്യാഹുവിന്റെ എതിരാളികൾ അദ്ദേഹത്തിന്‍റെ അഴിമതിയുള്‍പ്പടെയുള്ള ആരോപണങ്ങളുമായി ശക്തമായി പ്രചരണം നടത്തിയപ്പോള്‍ ഗിദിയോൻ സാര്‍ അത്തരം വിഷയങ്ങളൊന്നും ആയുധമാക്കിയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവാതിരിക്കാനാണ് അദ്ദേഹം അങ്ങിനെ ചെയ്തത്. നെതന്യാഹുവിനെതിരെയുള്ള ആരോപണങ്ങള്‍ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന നേതാന്യാവിന്‍റെ വാദമാണ് ഭൂരിഭാഗം ലികുഡ് മെമ്പര്‍മാരും വിശ്വസിക്കുന്നത്.
Leave a Reply