കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വൈദ്യ ശാസ്ത്രജ്ഞനെതിരെ രംഗത്തെത്തിയ ക്രിസ്ത്യൻ ധ്യാനഗുരു ജോസഫ് മാരിയോയ്ക്കെതിരെ സോഷ്യൽ മീഡിയ. മെഡിക്കൽ സയൻസ് ഒരുപാട് രോഗികളെ കൊന്നിട്ടുണ്ടെന്നും ചിക്കൻ പോക്സിന്‍റെ വാക്സിനേഷൻ എച്ച്ഐവി പരത്തുമെന്നും തുടങ്ങിയ വാദങ്ങളാണ് ജോസഫ് മാരിയോ ഫേസ്ബുക്കിലൂടെ നടത്തിയത്.

അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിനെ തെറ്റായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയുമാണ് കൊന്നതെന്നാണ് ജോസഫ് മാരിയോ പറയുന്നത്. എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വിമർശിക്കുന്നു. ‘ചിക്കന്‍ പോക്സിന് വാക്സിനേഷന്‍ കണ്ടുപിടിച്ച് എച്ച്ഐവി ഉണ്ടാക്കുന്ന ടീമാണ് നമ്മളെന്നും’ ജോസഫ് മാരിയോ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിൽ വെച്ചായിരുന്നു ഇദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ഭാരതത്തിൽ നിന്ന് ഒരു വിശുദ്ധയെ സഭ പ്രഖ്യാപിച്ചപ്പോൾ ഒരു ഡോക്ടർ അതിനെ പുച്ഛത്തോടെയാണ് സമീപിച്ചതെന്ന് പറഞ്ഞായിരുന്നു മെഡിക്കൽ സയൻസിനെതിരായ ജോസഫ് മാരിയോയുടെ വിമർശനങ്ങൾ. മെഡിക്കൽ ശാസ്ത്രം നൂറു ശതമാനം ശരിയല്ലെന്നും എന്നാൽ നൂറു ശതമാനം തെറ്റല്ലെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.

വിശ്വാസം രോഗിയെ സൗഖ്യാവസ്ഥയിലെത്തിക്കുമെന്നും ദൈവ വിശ്വാസം ഇതിന് ആവശ്യമാണെന്നുമാണ് ജോസഫ് മാരിയോ പറയുന്നത്. സഭയ്ക്കും വിശ്വസത്തിനും എതിരെ സംസാരിക്കുന്നവർക്കുള്ള മറുപടിയായിട്ടായിരുന്നു മാരിയോയുടെ ഈ വീഡിയോ. എന്നാൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റിധരിപ്പിക്കുന്നതാണ് വീഡിയോയെന്നും പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇത്രയധികം ഭയം ജനിപ്പിക്കാന് മോഹനന് വൈദ്യനു പോലും കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് ഇവർ പറയുന്നു.