ടോം ജോസ് തടിയംപാട്
കോണ്‍സ്റ്റാന്റിനോപ്പിളിലെ ഞങ്ങളുടെ അവസാന ദിവസമാണ്. ഞങ്ങള്‍ രാവിലെ ടൂര്‍ ബസില്‍ കയറി ഇസ്താംബുള്‍ പട്ടണം ഒന്നുകൂടി കറങ്ങി. ബസ് ഗ്രാന്‍ഡ് ബസാറില്‍ വന്നപ്പോള്‍ അവിടെ ഇറങ്ങി. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന ഈ പട്ടണത്തിലെ ഏറ്റവും വലിയ ഒരു മാര്‍ക്കറ്റാണിത്. ഇവിടെ ഏഷ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങളും ലഭിക്കും.
ഗ്രാന്‍ഡ് ബസാര്‍ എന്നാല്‍ നാലായിരം കടകള്‍. പ്രതിദിനം നാലുലക്ഷം സന്ദര്‍ശകര്‍ ഇതു നടന്നു കാണുക എന്നതു തന്നെ ഒരു വലിയ ഉദ്യമമാണ്. 2014ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ സന്ദര്‍ശിച്ച സ്ഥലം, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്ത് ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട് ഉടന്‍ തന്നെ സുല്‍ത്താന്‍ മൊഹമ്മദ് രണ്ടാമന്‍ 1455ല്‍ പണി ആരംഭിച്ച് പലഘട്ടമായി 1730ല്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ അതിപുരാതനമായ മാര്‍ക്കറ്റാണ് ഗ്രാന്‍ഡ് ബസാര്‍. ഇന്ന് ലോകത്തെ ഏറ്റവും വലിയ, മേല്‍ക്കൂരയും നാലുചുറ്റും അടച്ചുറപ്പുമുള്ള മാര്‍ക്കറ്റ്. തുണിയും ആഭരണങ്ങളും ബ്രാസ്സ്, സെറാമിക് പത്രങ്ങളും ശില്പങ്ങളും അലങ്കാര വിളക്കുകളും (ഷാന്‍ഡലിയര്‍) പരവതാനികളും എന്നുവേണ്ട എല്ലാം ഒരു കൂരക്കുള്ളില്‍. 67 ഇടവഴികള്‍ 18 വാതിലുകള്‍, മുപ്പതിനായിരത്തോളം ജോലിക്കാര്‍. ആര്‍ക്കും ഇവിടെ വഴിതെറ്റാതിരിക്കില്ല. അവിടെ നിന്നും ഞങ്ങള്‍ പോയത് ഈജിപ്ഷ്യന്‍ ബസാറിലേക്കാണ്.
രണ്ടാമത്തെ വലിയ അത്ഭുതമാണ് 1660ല്‍ ആരംഭിച്ച ഈജിപ്ഷ്യന്‍ ബസാര്‍ എന്ന സ്പൈസ് മാര്‍ക്കറ്റ്. അകത്തു മാത്രം നൂറോളം കടകളില്‍ കുങ്കുമപ്പൂവും സുഗന്ധ വ്യഞ്ജനങ്ങളും തുടങ്ങി എല്ലാം ലഭിക്കും. കാലാന്തരത്തില്‍ മറ്റുകടകളും കടന്നു കൂടിയിട്ടുണ്ട്. നാട്ടിലെപ്പോലെ പച്ചക്കറികളും ഇലകളും മുളകും തുടങ്ങി എന്തും ഏതും ഉപ്പിലിട്ട കടകളും, ടര്‍ക്കിഷ് ഡിലൈറ്റും (മധുര പലഹാരം) ടര്‍ക്കിഷ് ഐസ്‌ക്രീമും കബാബുകളും വില്‍ക്കുന്ന കടകളും അനവധി. ഞങ്ങള്‍ അവിടെനിന്നും നേരെ പോയത് സുലൈമാന്‍ മോസ്‌ക്ക് കാണുന്നതിനു വേണ്ടിയാണ്. മഹാനായ സുലൈമാന്‍ എന്ന് ലോകം വിളിച്ച സുലൈമാന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഓട്ടോമന്‍ സാമ്രാജ്യം ലോകം മുഴുവന്‍ വികസിച്ചത്. അദ്ദേഹം പണിത മോസ്‌കിന്റെ വലുപ്പം പറഞ്ഞറിയിക്കാന്‍ കഴിയില്ല അവിടെത്തന്നെയാണ് അദേഹത്തിന്റെ കബറിടവും. തിരിച്ച് എയര്‍ പോര്‍ട്ടിലേക്ക് പോരുന്ന വഴിയില്‍ കോണ്‍സ്റ്റാന്റിനോപ്പിളിനെ നീണ്ടകാലം ശത്രുക്കളില്‍ രേക്ഷിച്ച റോമാക്കാര്‍ നിര്‍മിച്ച വളരെ ബൃഹത്തായ മതിലിന്റെ അവശിഷ്ടങ്ങളും കണ്ടു
ഈ പട്ടണത്തില്‍ കണ്ട ഏറ്റവും വേദനാജനകമായ കാഴ്ച യുവാക്കളായ ഭാര്യയും ഭര്‍ത്താവും കുട്ടിയും കൂടി തെരുവില്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി തെണ്ടുന്നതാണ്. ഇവരെല്ലാം സിറിയന്‍ യുദ്ധം കാരണം അഭയാര്‍ഥികളായി ടര്‍ക്കിയില്‍ എത്തിയവരാണ്. മത രാഷ്ട്രീയം ഒരു ജനതയെ എങ്ങനെ തകര്‍ക്കുമെന്ന് ഷൂ പോളിഷ് ചെയ്യണോ എന്ന് ചോദിച്ചു നടക്കുന്ന സിറിയക്കാരെയും എങ്ങോട്ട് തിരിഞ്ഞാലും ധര്‍മ്മം ചോദിക്കുന്ന ഈ സിറിയക്കാരെ കണ്ടാല്‍ മനസിലാകും.
കത്തോലിക്കാ സഭ രണ്ടായി വേര്‍പിരിഞ്ഞതും ഈ മണ്ണില്‍ വച്ചാണ്. ക്രിസ്തുവിന്റെ ദൈവാവിഷ്‌കാരത്തെ പറ്റിയുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഇതിനു തുടക്കമിട്ടതെങ്കിലും അധികാര രാഷ്ട്രീയമാണ് ഇതിന്റെ അടിസ്ഥാനം. എ ഡി 431 എഫോസിയസില്‍ അതായതു അന്നത്തെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നടന്ന ക്രിസ്റ്റിയന്‍ കൗണ്‍സിലില്‍ അന്നത്തെ കോണ്‍സ്റ്റന്റിനോപ്പിളിലെ പാത്രിയര്‍ക്കീസ് ആയിരുന്ന നെസ്‌തോറിയന്‍ ക്രിസ്തുവിനു ദൈവികവും മാനുഷികവുമായ സ്വഭാവം ഉണ്ടെന്നും ക്രിസ്തുവിന്റെ അമ്മ മറിയം ഒരു സാധാരണ സ്ത്രീ മാത്രമാണ് എന്ന ആശയം മുന്‍പോട്ടു വച്ചിരുന്നു.
എന്നാല്‍ ഈ ആശയത്തോട് പലരും യോജിച്ചിരുന്നില്ല. എ ഡി 451ല്‍ ചാല്‍സിഡോണില്‍ (കോണ്‍സ്റ്റന്റിനോപ്പിള്‍) കൗണ്‍സില്‍ ഈ വിഷയം ചര്‍ച്ചചെയ്യുകയും പോപ്പ് ലിയോ ഒന്നാമന്റെ പ്രതിനിധികളും അലക്‌സാന്‍ഡ്രിയയിലെ പത്രിയര്‍ക്കീസ് ആയിരുന്ന സിറിളും ഇതിനെ എതിര്‍ത്തു. ക്രിസ്തു മരിച്ച് ഉയര്‍ത്തെഴുന്നേറ്റു കഴിഞ്ഞപ്പോള്‍ ക്രിസ്തുവിന്റെ മനുഷ്യ സ്വഭാവം അവസാനിച്ചു. അതുകൊണ്ട് പിതാവും പുത്രനും ഒന്നാണെന്നും ക്രിസ്തു ദൈവമാണെന്നും അവര്‍ വാദിച്ചു. ഇതായിരുന്നു ദൈവികമായ അഭിപ്രായ വ്യത്യാസമെങ്കില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം റോമിലെ പോപ്പിന്റെ അപ്രമാദിത്വത്തിനേതിരെയായിരുന്നു. ക്രിസ്തു ശിഷ്യരാല്‍ സ്ഥാപിക്കപ്പെട്ട 5 സിംഹാസനങ്ങളും ഒരുപോലെയാണ്. അതുകൊണ്ട് സമന്മാരില്‍ ഒന്നാമന്‍ മാത്രമണ് പോപ്പ് എന്ന് മറ്റുള്ളവര്‍ വാദിച്ചു.
അഭിപ്രായ വ്യത്യാസം കാരണം പോപ്പ് ലിയോ ഒന്നാമന്‍ ചാല്‍സിഡോണ്‍ കൗണ്‍സിലില്‍ പങ്കെടുത്തിരുന്നില്ല. കൂടാതെ പോപ്പിനുണ്ട് എന്നു വിശ്വസിക്കുന്ന തെറ്റാവരത്തെയും (infallible) അവര്‍ അംഗീകരിച്ചില്ല. അവിടെ നിന്നുമാണ് കത്തോലിക്കാ സഭയില്‍ റോം നേതൃത്വം കൊടുക്കുന്ന ലാറ്റിന്‍ പടിഞ്ഞാറും, കോണ്‍സ്റ്റിനോപ്പിള്‍ നേതൃത്വം കൊടുക്കുന്ന ഗ്രീക്ക് കിഴക്കുമായി വിഭജനം ആരംഭിക്കുന്നത്. പിന്നീട് റോമാസഭ എല്ലാ സ്ഥലത്തും ലാറ്റിന്‍ ഭാഷയില്‍ കുര്‍ബാന നടത്തിയപ്പോള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഗ്രീക്ക് ഭാഷയിലും കൂടാതെ പ്രാദേശിക ഭാഷയിലും കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിച്ചു. അതുപോലെ ബൈബിള്‍ അവര്‍ ഗ്രീക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അങ്ങനെ നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഗ്രീക്ക് ബൈബിളിന്റെ ഏറ്റവും പഴക്കം ചെന്ന ഒരു കൈയെഴുത്തുപ്രതി ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അത് നേരില്‍ കാണാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികര്‍ക്കു വിവാഹം അനുവദിച്ചപ്പോള്‍ റോം അനുവദിച്ചിരുന്നില്ല.
പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള രൂപങ്ങള്‍ പ്രതിമകള്‍ ആണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വിവക്ഷിച്ചപ്പോള്‍ റോമാക്കാര്‍ അത് വിഗ്രഹങ്ങള്‍ ആണെന്ന് പറഞ്ഞു. ശുദ്ധീകരണ സ്ഥലം ഉണ്ടെന്നു റോമാക്കാര്‍ വാദിച്ചപ്പോള്‍ ഇല്ലയെന്നു ഓര്‍ത്തഡോക്‌സുകാര്‍ വാദിച്ചു. ഇങ്ങനെ വിവിധ തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ 1053ല്‍ തെക്കേ ഇറ്റലിയിലെ ഗ്രീക്ക് പള്ളികള്‍ അടച്ച് അവിടെ ലാറ്റിന്‍ കുര്‍ബാന നടത്താന്‍ പോപ്പ് ഉത്തരവിട്ടു. അതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം കോണ്‍സ്റ്റിനോപ്പിളിലെ ലാറ്റിന്‍ പള്ളികള്‍ അടക്കാന്‍ പത്രിയര്‍ക്കീസ് മൈക്കില്‍ ഒന്നാമനും ഉത്തരവിട്ടു. അവസാനം പുളിപ്പിക്കാത്ത അപ്പം കുര്‍ബാനയില്‍ ഉപയോഗിക്കണമെന്നു റോമാക്കാര്‍ പറഞ്ഞപ്പോള്‍ അത് പറ്റില്ല, പുളിപ്പിച്ച അപ്പമാണ് കുര്‍ബാനയില്‍ ഉപയോഗിക്കേണ്ടതെന്നു ഓര്‍ത്തഡോക്‌സ വിഭാഗം നിലപാടെടുത്തു. പോപ്പിന് ലോകം മുഴുവനുള്ള ക്രിസ്ത്യന്‍ സഭയുടെ മുകളില്‍ അധികാരം ഉണ്ട് എന്ന് പോപ്പ് പ്രഖ്യാപനത്തെ എതിര്‍ത്തുകൊണ്ടും 1054ല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കത്തോലിക്കാ സഭയില്‍ നിന്നും പിരിയുകയാണ് ചെയ്തത്. ഇതിനെ Great Schism എന്നറിയപ്പെടുന്നു.
പിന്നിട് ഓര്‍ത്തഡോക്‌സ് വിഭാഗം കൈവശം വച്ചിരുന്ന കിഴക്കന്‍ മേഖലയില്‍ മുഴുവന്‍ ഇസ്ലാം കടന്നു കയറുകയും അവസാനം അവരുടെ കേന്ദ്രമായിരുന്ന കോണ്‍സ്റ്റിനോപ്പിളും അവരുടെ ഏറ്റവും വിശിഷ്ട്ടമായ ഹഗിയ സോഫിയ പള്ളിയും ഇസ്ലാം പിടിച്ചെടുത്തു മോസ്‌ക് ആക്കി മാറ്റി. 1453ല്‍ മൊഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റിനോപ്പിള്‍ വളഞ്ഞപ്പോള്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റിന്‍ പതിനൊന്നാമന്‍ പോപ്പിനെ വിവരം അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെങ്കിലും പോപ്പ് സഹായിക്കാന്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ല. റോം സഹായിക്കുന്നതിനു നേവിയെ അയച്ചെങ്കിലും അവര്‍ കോണ്‍സ്റ്റിനോപ്പിളില്‍ എത്തുന്നതിനു മുന്‍പ് ഇസ്ലാമിക സൈന്യം കോണ്‍സ്റ്റിനോപ്പിളും ഹഗിയ സോഫിയയും പിടിച്ചു കോണ്‍സ്റ്റന്റിന്‍ പതിനൊന്നാമാനെ വധിക്കുകയും ചെയ്തിരുന്നു.
Leave a Reply