ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ട് പിച്ചില്‍ കെണിയൊരുക്കിയാല്‍ അത്ഭുതപ്പെടാനില്ലെന്ന് സുനില്‍ ഗവാസ്‌കര്‍. പച്ചപ്പുള്ള വേഗമേറിയ പിച്ച് ഇംഗ്ലണ്ടില്‍ പ്രതീക്ഷിക്കാമെന്നും എന്നാല്‍ അതൊന്നും ഇന്ത്യയെ തകര്‍ക്കില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ പച്ചപ്പുള്ള, വേഗമേറിയ പിച്ച് ഇംഗ്ലണ്ട് ഒരുക്കകുയാണെങ്കില്‍ അദ്ഭുതപ്പെടാനില്ല. ഈ വര്‍ഷമാദ്യം ഇന്ത്യയിലെ പിച്ചുകളുടെ പേരില്‍ വിലപിച്ചവരാണ് ഇംഗ്ലീഷുകാര്‍. അതുകൊണ്ടു തന്നെ പേസ് പിച്ചൊരുക്കിയായിരിക്കും അവര്‍ ഇതിനു കണക്കുതീര്‍ക്കുക.’

‘എന്നാല്‍ ഇന്ത്യയെ ഇതു അലട്ടില്ല. കാരണം പച്ചപ്പുള്ള സീമിങ് ട്രാക്കുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന പേസര്‍മാര്‍മാര്‍ നമുക്കുണ്ട്. ഇന്ത്യയെ വീഴ്ത്താന്‍ അത്തരമൊരു തന്ത്രം പരീക്ഷിച്ചാല്‍ അതു ഇംഗ്ലണ്ടിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും’ ഗവാസ്‌കര്‍ വ്യക്തമാക്കി.

നേരത്തെ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനിടെ പിച്ചുകളെ പഴിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 2007ലാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ അവസാനം ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത്. അതിനു ശേഷം അവിടെ കളിച്ചപ്പോഴെല്ലാം ഇന്ത്യ ദയനീയമായി തോറ്റു. 2011 ലും 2015 ലും 2018 ലും ഇന്ത്യ പരമ്പര കൈവിട്ടു. നിലവില്‍ മുംബൈയില്‍ ക്വാറന്റൈനില്‍ കഴിയുന്ന താരങ്ങള്‍ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലെത്തും.