വെനീസില്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തെ ഏറ്റവും വലിയ വേലിയേറ്റം. ഈ ഇറ്റാലിയന്‍ നഗരത്തിന്റെ കനാലുകളില്‍ വെള്ളം വന്‍തോതില്‍ പൊങ്ങിയിരിക്കുകയാണ്. അടിയന്തിരസാഹചര്യത്തെ നേരിടാന്‍ എല്ലാ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെനീസ് മേയര്‍ ലൂയിഗി ബ്രഗ്നാരോ ട്വീറ്റ് ചെയ്തു.
1.87 മീറ്ററോളം നഗരത്തില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്. ഇതിനു മുമ്പ് സമാനമായ വെള്ളപ്പൊക്കം നഗരത്തിലുണ്ടായത് 1966ലാണ്. അന്ന് 1.94 മീറ്ററോളം വെള്ളം പൊങ്ങിയിരുന്നു.
ഇതുവരെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു 78കാരനാണ് വെള്ളം വീട്ടിലേക്ക് കയറിയതിനു പിന്നാലെ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചത്.വാട്ടര്‍ ആംബുലന്‍സുകളായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ബോട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട് തീരസംരക്ഷണ സേന. ടൂറിസ്റ്റുകളും ദുരിതത്തിലായിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നു തുടങ്ങിയതായി അധികൃതര്‍ പറയുന്നുണ്ട്. ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് മേയര്‍ അറിയിച്ചു.
നഗരത്തിലെ വെള്ളപ്പൊക്ക പ്രശ്നങ്ങളെ നേരിടുന്നതിനായി ഒരു പദ്ധതി രൂപപ്പെടുത്തിയിരുന്നു സര്‍ക്കാര്‍. 2003ല്‍ രൂപപ്പെടുത്തിയ ഈ പദ്ധതി പക്ഷെ, ചെലവ് കൂടുതലായതിനാല്‍ ഉപേക്ഷിക്കപ്പെട്ടു. അഴിമതിയും പദ്ധതിയുടെ പരാജയത്തിന് ഒരു കാരണമായി. ഇത്തവണത്തെ വേലിയേറ്റം ഏറെ ബാധിച്ച പ്രദേശങ്ങളിലൊന്ന് സെയ്ന്റ് മാര്‍ക്‌സ് ചത്വരമാണ്. ഇത് നഗരത്തിന്റെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നിലാണ് സ്ഥിതി ചെയ്യുന്നത്. കാറ്റ് വീശിയതോടെ ഇവിടെ തിരമാലകളുമുണ്ടായി.
Leave a Reply