എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് ജനമൈത്രി നടുറോഡില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനം. പെറ്റിക്കേസില്‍ പിഴയടക്കാന്‍ ചെന്ന, കൊല്ലം കരുനാഗപ്പള്ളിഐ എച്ച് ആര്‍ ഡി കോളജിലെ രണ്ടാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥി അഖില്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. വള്ളിക്കീഴ് സ്വദേശിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖില്‍ കൃഷ്ണനെ കരുനാഗപ്പള്ളി എസ്.ഐ ശ്യാമാണ് പരസ്യമായി മുഖത്തടിച്ചത്.

ആളുകള്‍ നോക്കി നില്‍ക്കെയാണ് അഖിലിനെ എസ്‌ഐ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റിയത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേര്‍ സ്റ്റേഷനിലെത്തിയതോടെ 100 പിഴ അടപ്പിച്ച് അഖിലിനെ വിട്ടയക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറു രൂപ പിഴ ഒടുക്കേണ്ട ഒരുപെറ്റി കേസില്‍ കോളജ് വിദ്യാര്‍ഥിയെ ജനമൈത്രി പൊലിസ് കൈകാര്യം ചെയ്യുന്നതിന്റെ സിസിടിവി ദ്യശ്യങ്ങള്‍ പുറത്തു വന്നിട്ടും വിദ്യാര്‍ഥിയുടെ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല.

ബൈക്കിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെ കരുനാഗപ്പള്ളി എസ് ഐ ശ്യാം യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് എസ് എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥി ആരോപിച്ചു.