ലണ്ടന്‍: ലണ്ടനിലെ വാല്‍ത്തം ക്രോസില്‍ കുത്തേറ്റു മരണമടഞ്ഞത് മലയാളി ബാലനെന്ന് സംശയം. വാല്‍ത്താം ക്രോസിലെ വീട്ടില്‍ നിന്നും തെരുവില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ ഭക്ഷണവുമായി പോയ ജേക്കബ് എബ്രഹാം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് വംശീയ വാദികളായ ഒരു സംഘം കുട്ടികളുടെ ആക്രണത്തിന് ഇരയായത്. കുത്തേറ്റ് വീട്ടിലേക്ക് ഓടിയ ജേക്കബ് വീടിന് 200 മീറ്റര്‍ അടുത്ത് സര്‍വ്വീസ് റോഡില്‍ വീണു ചോര വാര്‍ന്നു മരിക്കുക ആയിരുന്നു.

സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന 14 വയസുള്ള മൂന്ന് ആണ്‍കുട്ടികളെയും രണ്ട് 15 വയസുകാരെയുമാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം എന്‍ഫീല്‍ഡുകാരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരുകയാണ്. തന്റെ 16-ാം പിറന്നാള്‍ ആഘോഷിക്കാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കവേയാണ് ജേക്കബ് കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി ഫോണ്‍ കാളുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജേക്കബ് ഡിസംബര്‍ ഏഴിന് രാത്രി എട്ടരക്കും ഒമ്പതരക്കും ഇടയില്‍ വാല്‍ത്താം ക്രോസിലെ തന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നത്.

അന്നേ ദിവസം രാത്രിയാണ് ശരീരത്തില്‍ നിരവധി മുറിവുകളുമായി ജേക്കബ് വീണ് കിടക്കുന്നത് 19കാരനായ സഹോദരന്‍ ഐസക് കണ്ടെത്തിയത്. ടൗണിലെ ഹൈസ്ട്രീറ്റില്‍ നിന്നും ജേക്കബ് ബ്രെഡ് വാങ്ങിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഓഫീസര്‍മാര്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ പോയി സാന്‍ഡ് വിച്ചുണ്ടാക്കാന്‍ അമ്മയെ സഹായിക്കുകയും അതുമായി എഡ്മണ്ടനിലെ ചര്‍ച്ചിലേക്ക് പോയി ഭവനരഹിതര്‍ക്ക് ഭക്ഷണം കൈമാറുകയും ചെയ്തിരുന്നു. അതിന് ശേഷം തിരിച്ച് വരുന്നതിനിടയിലാണ് ഈ ടീനേജര്‍ കുത്തേറ്റ് മരിച്ചിരിക്കുന്നത്.

പാരാമെഡിക്സ്‌ ജേക്കബിന്റെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് രാത്രി 10.15 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അമ്മയ്ക്കും ഇളയ സഹോദരിക്കും ഐസക്ക് അടക്കമുള്ള രണ്ട് സഹോദരന്‍മാര്‍ക്കുമൊപ്പമായിരുന്നു ജേക്കബ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്ത് വരുന്നതിനിടെ 15കാരന്‍ കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടറായ ജെറോം കെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇത്രയും കുറഞ്ഞ പ്രായമുള്ള ആള്‍ കുത്തേറ്റ് മരിച്ച സംഭവം വേദനാജനകമാണെന്നും ഇതിന് പുറകിലുള്ളവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് പോലീസ് ത്വരിതഗതിയിലുള്ള അന്വേഷണമാണ് നടത്തി വരുന്നതെന്നും ജെറോം കെന്റ് വെളിപ്പെടുത്തുന്നു. കേസ് തെളിയിക്കുന്നതിനായി സാക്ഷിമൊഴികള്‍, സിസിടിവി ഫൂട്ടേജുകള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ഇത് പോലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ഡിസംബര്‍ ഏഴിന് രാത്രി എട്ടരക്കും ഒമ്പതരക്കും ഇടയില്‍ ഈ പ്രദേശത്ത് ഏതെങ്കിലും കൗമാരക്കാരെ കണ്ടിട്ടുള്ളവര്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൗമാരക്കാരുടെ സംഘം ആ ദിവസം ഇവിടെ ചുറ്റിത്തിരിയുന്നത് കണ്ട ഇവിടുത്തെ താമസക്കാരാരെങ്കിലും ഉണ്ടെങ്കില്‍ അവരും വിശദവിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. സംഭവത്തിന്റെ നാനാവശങ്ങളും പരിഗണിച്ച് കൊണ്ട് പോലീസ് ത്വരിതഗതിയിലുള്ള അന്വേഷണം നടത്തുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.

ജേക്കബ് മലയാളിയാണെന്ന് സംശയിക്കുന്നുവെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.