ഹിമാചല്‍ പ്രദേശിലെത്തി ജന്മദിനം ആഘോഷിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞ ഡോക്ടര്‍ ദീപ ശര്‍മ്മയുടെ അവസാന ചിത്രങ്ങള്‍ കണ്ണീരിലാഴ്ത്തുന്നു.

ജന്മദിനാഘോഷത്തിനാണ് രാജസ്ഥാന്‍ സ്വദേശിയായ ഡോ. ദീപ ശര്‍മ്മ ഹിമാചല്‍ പ്രദേശിലെത്തിയത്. ഞായറാഴ്ച ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തിലാണ് ഡോ. ദീപയുടെ ജീവന്‍ നഷ്ടമായത്. തന്റെ 38-ാം ജന്മദിനാഘോഷത്തിനായി ഏറെ സന്തോഷത്തോടെ പുറപ്പെട്ട യാത്രയിലാണ് അപകടം ഉണ്ടായത്.

മരിക്കുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും ദീപ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.

ദീപയുടെ വിയോഗത്തെ കുറിച്ച് സഹോദരന്‍ മഹേഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു. ‘വരുന്ന ജൂലൈ 29നായിരുന്നു ദീപയുടെ 29-ാം ജന്മദിനം. അതിന്റെ ആഘോഷങ്ങള്‍ക്കായാണ് അവള്‍ ഒരു യാത്ര പോകുവാന്‍ തീരുമാനിച്ചത്. ഒത്തിരി സന്തോഷത്തോടെയും ആകാംഷയോടെയുമായിരുന്നു യാത്രയ്ക്ക് തയ്യാറായത്. അതിനായി അവള്‍ ഒരു പ്രൊഫെഷണല്‍ ക്യാമറയും പുതിയൊരു സ്മാര്‍ട്ട് ഫോണും വാങ്ങിയിരുന്നു. പ്രകൃതിയെ ഒത്തിരി സ്നേഹിച്ചിരുന്ന അവള്‍, പ്രകൃതിയുടെ മടിയില്‍ കിടന്നുതന്നെയാണ് തന്റെ പ്രാണന്റെ അവസാന ശ്വാസവും അവളെടുത്തത്. ദീപയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’, അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

സൈനീകരുടെ പ്രവേശനാനുമതിയുള്ള ഇന്ത്യന്‍ അതിര്‍ത്തിയുടെ ഐടിബിപി ചെക്ക്പോസ്റ്റില്‍ നിന്നാണ് ജൂലൈ 25 ന് ദീപ തന്റെ അവസാനത്തെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. പോസ്റ്റില്‍ 80 കിലോമീറ്ററുകള്‍ കഴിയുമ്പോള്‍ ടിബറ്റ് എത്തുമെന്നും അവിടം ചൈന അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്.