കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി. തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധിക്ക് തുടക്കമായത്. വിമത വിഭാഗം സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ തൃണമൂൽ കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
58 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെട്ട വിമതസംഘം ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായും അഖ്രുജ്ജമാനെ ചീഫ് വിപ്പായും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം അംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് വിമതരുടെ അവകാശവാദം. തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസെന്നും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കുമെന്നും വിമതർ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചതോപാധ്യായയെ നിർദേശിച്ച നീക്കം വിവാദമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം മമത ബാനർജി വിളിച്ചുചേർത്ത യോഗത്തിൽ വളരെ കുറച്ച് എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. ദീർഘനാളായി ആസൂത്രണം ചെയ്ത നീക്കത്തിന്റെ ഭാഗമായാണ് വിമതരുടെ ശക്തിപ്രകടനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.











Leave a Reply