ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ സൗത്താംപ്ടണിൽ വിദ്യാർഥിയായിരുന്ന 18-കാരൻ ഹെൻറി നൊവാക്കിന്റെ കൊലപാതകവും അതിനുശേഷമുള്ള പൊലീസ് നടപടികളും രാജ്യവ്യാപക വിവാദത്തിന് വഴിവച്ചു. 23-കാരനായ വിക്‌റം ഡിഗ്വ കത്തി കൊണ്ട് കുത്തി ഹെൻറിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് പൊലീസിൻ്റെ ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവന്നത്. കുത്തേറ്റതായി ഹെൻറി ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് അദ്ദേഹത്തെ കൈവിലങ്ങ് അണിയിക്കുകയും “എനിക്ക് ശ്വാസംമുട്ടുന്നു” എന്ന് പലതവണ പറഞ്ഞിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നുമാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവസ്ഥലത്ത് ഡിഗ്വ താനാണ് വംശീയ ആക്രമണത്തിന് ഇരയായതെന്ന് പൊലീസിനോട് പറഞ്ഞതിനെ തുടർന്നാണ് ഹെൻറിയെ സംശയത്തിന്റെ നിഴലിൽ കണ്ടതെന്നാണ് ആരോപണം. പുറത്തുവന്ന ദൃശ്യങ്ങൾ “ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതാണ്” എന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. വംശീയത സംബന്ധിച്ച ആരോപണങ്ങൾ പൊലീസ് തീരുമാനങ്ങളെ എത്രത്തോളം സ്വാധീനിച്ചുവെന്നത് അന്വേഷിക്കപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് നടപടികൾ പരിശോധിച്ച് സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെ ഹെൻറിക്ക് നീതി ആവശ്യപ്പെട്ട് സൗത്താംപ്ടണിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ പ്രതിയുടെ കുടുംബം താമസിക്കുന്ന പ്രദേശത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. എന്നാൽ മകന്റെ മരണം കൂടുതൽ വിദ്വേഷത്തിനോ സാമൂഹിക വിഭജനത്തിനോ കാരണമാക്കരുതെന്ന് ഹെൻറിയുടെ കുടുംബം അഭ്യർഥിച്ചു. ഇത് മതത്തിന്റെയോ വംശീയതയുടെയോ വിഷയമല്ല, മറിച്ച് ഒരു കൊലപാതകക്കേസാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് വ്യക്തമാക്കി. സംഭവത്തിന്റെ മറവിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.