ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. 23,000 വോട്ടിന്റെ ലീഡാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ജിഗ്‌നേഷ് നേടിയത്. വഡ്ഗാം മണ്ഡലത്തില്‍ നിന്നാണ് ഈ യുവനേതാവ് ജനവിധി തേടിയത്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. ഇവിടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ പിന്തുണയും എഎപിയുടെ പിന്തുണയും മെവാനിക്ക് ഉണ്ടായിരുന്നു. ബിജെപിയുടെ വിജയകുമാര്‍ ഹര്‍ഖഭായിയെയാണ് മേവാനി പരാജയപ്പെടുത്തിയത്. ലീഡ് നിലകള്‍ മാറി മറിയുന്നുണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ മേവാനിക്ക് മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നു.
ഉനയില്‍ ദളിത് യുവാക്കളെ ഗോവധം ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച വിഷയത്തിനെതിരെ ശബ്ദമുയര്‍ത്തിയാണ് മേവാനി എന്ന നേതാവിന്റെ പിറവി.സംസ്ഥാനത്തെ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ‘അസ്മിത യാത്ര’ക്ക് നേതൃത്വം നല്‍കിയ മേവാനി ബിജെപിയുടെ തീവ്ര ഹിന്ദുത്വ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്ത് ദേശീയ ശ്രദ്ധ നേടി.
മേവാനിയുടെ രാഷ്ട്രീയ പ്രവേശനം ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ സംഘടനയുടെ ഭാഗമായിട്ടാകുമെന്നായിരുന്നു കണക്ക് കൂട്ടലുകള്‍. എന്നാല്‍ യാതൊരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്‍ബലമില്ലാതെ ജിഗ്‌നേഷ് മത്സര രംഗത്തിറങ്ങി. പട്ടേല്‍ വിഭാഗ നേതാവായ ഹാര്‍ദ്ദികും ഒബിസി നേതാവായ അല്‍പേഷ് താക്കൂറും കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ആരുടെയും ചേരിചേരാതെ ഒറ്റക്ക് നിന്ന് മത്സരിക്കാനുള്ള മേവാനിയുടെ നിശ്ചയദാര്‍ഢ്യമാണ് തെരഞ്ഞെടുപ്പ് വിജയത്തോടെ ഫലം കണ്ടത്.
Leave a Reply