പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും തീര്‍ത്ത വലയം ഭേദിച്ച് ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനും സധൈര്യം മുന്നോട്ട് നീങ്ങിയ എബിപി ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രതിമാ മിശ്രയ്ക്ക് കൈയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം.

അന്‍പതിലേറെ പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് തീര്‍ത്ത സുരക്ഷ വലയം ഭേദിച്ച് മുന്നോട്ടു പോകാന്‍ പ്രതിമ കാണിച്ച അസാമാന്യ ധൈര്യത്തിന് ആദരം അര്‍പ്പിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. ക്യാമറാമാന്‍ മനോജ് അധികാരിയാണ് പ്രതിമയ്‌ക്കൊപ്പം അനുഗമിച്ചത്.

എതിര്‍പ്പുകള്‍ മറികടന്നാണ് റിപ്പോര്‍ട്ടര്‍ പ്രതിമ മിശ്ര സ്ഥലത്തെത്തിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എബിപി ന്യൂസ് സംഘത്തെ വഴിയില്‍ വച്ചുതന്നെ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള പരിശ്രമത്തില്‍ നിന്ന് പ്രതിമ പിന്തിരിഞ്ഞില്ല.

പ്രതിമയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലീസുകാര്‍ പതറിപ്പോയി. കൃത്യമായ ഉത്തരം നല്‍കാനാവാതെ ഭയന്നുപോയ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിഡിയോയില്‍ കാണാം. സംഭവങ്ങള്‍ ലൈവായാണ് ചാനല്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്.കോവിഡിന്റെ മറവില്‍ സ്ഥലത്ത് നിരോധനാജഞ പ്രഖ്യാപിച്ച് മാധ്യമങ്ങളെ പോലും അകത്തേക്ക് കടത്തിവിട്ടിരുന്നില്ല.

എന്നാല്‍ വിലക്ക് ലംഘിച്ച് പ്രതിമയും ക്യാമറാമാനും അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. തങ്ങളുടെ ഡ്യൂട്ടി തടസപ്പെടുത്തരുതെന്ന് പറഞ്ഞ് പൊലീസുകാര്‍ പ്രതിമയെ തടയുകയായിരുന്നു. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന് പ്രതിമ വാദിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിന് അടുത്തേക്ക് പ്രതിമ നീങ്ങിയതോടെ വനിതാ പൊലീസുകാരെ മുന്നില്‍ നിര്‍ത്തി വീണ്ടും തടഞ്ഞു.

ലക്ഷക്കണക്കിന് ആളുകളാണ് ലൈവ് റിപ്പോര്‍ട്ടിങ് കണ്ടത്. ഇതിനിടെ പ്രതിമയെ മോഷ്ടാവ് എന്ന് അധിക്ഷേപിച്ച് അവരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങി. പിന്നീട് ബലമായി മാധ്യമ സംഘത്തെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ലൈവില്‍ ഉടനീളം പ്രതിമയുടെ ധീരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയില്ല.