പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലേക്കില്ല. താരത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ പരിപാടി റദ്ദാക്കിയത്. ഇന്ത്യ കൂടാതെ ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലേയും സംഗീത പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ലോക സംഗീതപര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18 ന് ന്യൂഡല്‍ഹിയില്‍ ബീബര്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

‘2022 ഒക്ടോബര്‍ 18 ന് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്ത ‘ജസ്റ്റിന്‍ ബീബര്‍ ജസ്റ്റിസ് വേള്‍ഡ് ടൂര്‍ ഇന്ത്യ’ റദ്ദാക്കിയതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ നിരാശരാണ്. ഗായകന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം, നിര്‍ഭാഗ്യവശാല്‍ അടുത്ത മാസം അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങളെ അറിയിച്ചു.

ഇന്ത്യയ്ക്കൊപ്പം, ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരിപാടികളും റദ്ദാക്കി’- ബുക്ക്മൈഷോ ഔദ്യോഗിക ഹാന്‍ഡില്‍ കുറിച്ചു.

ടിക്കറ്റ് മുന്നമേ ബുക്ക് ചെയ്തവര്‍ക്ക് പത്ത് ദിവസത്തിനകം പണം തിരികെ നല്‍കും. 43000 ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. 4000 രൂപയായിരുന്നു ടിക്കറ്റ് വില. നേരത്തെയും തന്റെ ആരാധകരെ ആവേശത്തിലാക്കി ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തിയിരുന്നു. 2017ലായിരുന്നു ഇതിന് മുമ്പ് ഇന്ത്യയില്‍ എത്തിയത്.