കോഴിക്കോട്: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. രാവിലെ 7.40ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ആരോഗ്യാവസ്ഥ മോശമായിരുന്നു.

1940 ഏപ്രിലില്‍ വടകരയില്‍ ജനിച്ച അദ്ദേഹം തലശേരി ബ്രണ്ണന്‍ കോളേജ്, അലിഗഡ് മുസ്ലീം സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. എംബിബിഎസ് ബിരുദവും കരസ്ഥമാക്കി. സൗദിയില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു. നോവലുകളിലൂടെയും ചെറുകഥകളിലൂടെയുമാണ് അദ്ദേഹം പ്രശസ്തനായത്.

‘സ്മാരകശിലകള്‍’ എന്ന നോവലിന് 1980ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു. 1975ല്‍ ‘മലമുകളിലെ അബ്ദുള്ള’ എന്ന ചെറുകഥക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചു. 2010ല്‍ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പും പുനത്തിലിന് ലഭിച്ചിട്ടുണ്ട്.