തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66ൽ നിർത്തിയിട്ട ചരക്ക് ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ യാത്ര ചെയ്തിരുന്ന എട്ടുപേരും മരിച്ചതായാണ് വിവരം. മരിച്ചവരിൽ ഏഴുപേർ ദിണ്ടിഗലിലെ എൻജിനീയറിങ് കോളജ് വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ദേശീയപാത നിർമാണം പുരോഗമിക്കുന്ന ഭാഗത്തെ ഡൈവേർഷനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സംഭവസമയത്ത് പ്രദേശത്ത് മൂന്ന് ലോറികൾ നിർത്തിയിട്ടിരുന്നതായും അതിൽ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറിയിലാണ് കാർ ഇടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. അമിത വേഗതയും അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തിന്റെ കൃത്യമായ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ വാഹനം വെട്ടിപ്പൊളിക്കേണ്ടിവന്നു. മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. നിർമാണം നടക്കുന്ന ദേശീയപാതയിൽ മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നോ, ലോറി അവിടെ നിർത്തിയതിൽ വീഴ്ചയുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ഇത്തരം അപകടങ്ങൾ പതിവാണെന്ന നാട്ടുകാരുടെ ആരോപണവും ഉയർന്നിട്ടുണ്ട്.