ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തദ്ദേശ തിരഞ്ഞെടുപ്പിൽ ടോറി മേയർ സ്ഥാനാർത്ഥിയെ ലിങ്കൺഷെയറിലെ ബോസ്റ്റൺ ബോറോ കൗൺസിലിലെ ട്രിനിറ്റി വാർഡിൽ നിന്ന് മത്സരിച്ച എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ഒരു മലയാളി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഒരു വോട്ടിനു പരാജയപ്പെടുത്തി. ബോസ്റ്റൺ ഇൻഡിപെൻഡന്റ് പാർട്ടിക്ക് വേണ്ടി മത്സരിച്ച ഡോ.ജ്യോതി അരയമ്പത്ത് കൺസർവേറ്റീവ് പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയായിരുന്ന ജെന്നിഫർ ഇവോൺ സ്റ്റീവൻസിനെയാണ് പരാജയപ്പെടുത്തിയത്.

കണ്ണൂർ സ്വദേശിനിയാണ് ഡോ.ജ്യോതി. പയ്യന്നൂരിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മെഡിസിനും പഠിച്ചു. പിന്നീട് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് തുടർ വിദ്യാഭ്യാസം നേടി. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ്-യുകെയുടെ സ്ഥാപകയും മാനേജിംഗ് ട്രസ്റ്റിയുമാണ് ജ്യോതി. ലിങ്കൺഷെയറിലെ ബോസ്റ്റണിലാണ് നിലവിൽ താമസിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ്, അധികാരത്തിലുള്ള മൊത്തം കൗൺസിലർമാരുടെ പകുതിയോളം കൺസർവേറ്റീവുകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ അഞ്ച് പേർ മാത്രമേയുള്ളൂ. അതേസമയം, പുതിയ ബോസ്റ്റൺ ഇൻഡിപെൻഡന്റ് ഗ്രൂപ്പ് രണ്ടാം സ്ഥാനത്താണ്. 24 പേർ മത്സരിച്ചതിൽ 18 പേരും തിരഞ്ഞെടുക്കപ്പെട്ടു.