കടയ്ക്കല്‍:  കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ആറുപേര്‍ അറസ്റ്റിലായി. ഇട്ടിവ പഞ്ചായത്തംഗം കോട്ടുക്കല്‍ ശ്യാമള മന്ദിരത്തില്‍ വി എസ് ദീപു(30), ബിജെപി ചടയമംഗലം മണ്ഡലം സെക്രട്ടറി കോട്ടുക്കല്‍ കൊട്ടാരഴികം വീട്ടില്‍ മനു ദീപം (30), ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഫില്‍ഗിരി സരിത വിലാസത്തില്‍ ശ്യാം (29), യുപി സ്കൂളിന് സമീപം കടമ്ബാട്ട് വീട്ടില്‍ ലൈജു (32), കോട്ടുക്കല്‍ സുചിത്രഭവനില്‍ സുജിത്ത് (31), കാവതിയോട് തടത്തരികത്ത് വീട്ടില്‍ കിരണ്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കല്‍ സിഐ സാനിയുടെ നേതൃത്വത്തില്‍ അഞ്ചല്‍ പുത്തയത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കോട്ടുക്കല്‍ ത്രാങ്ങോട് കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് കുരീപ്പുഴയെ ആര്‍എസ്‌എസ് സംഘം ആക്രമിച്ചത്. വാഹനത്തിന് കേടുവരുത്തി. ഗ്രന്ഥശാലയില്‍ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താനും ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെയാണ് സംഘടിച്ചെത്തിയ അക്രമിസംഘം അസഭ്യം പറഞ്ഞ് കുരീപ്പുഴ ശ്രീകുമാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. ഓടിയെത്തിയ ഗ്രന്ഥശാല പ്രവര്‍ത്തകരാണ് കവിയെ രക്ഷിച്ച്‌ കാറില്‍ കയറ്റി വിട്ടത്.

ഇതിനിടെ ഹിന്ദുത്വത്തെ അപമാനിച്ചെന്നും ആര്‍എസ്‌എസിനെയും ബിജെപിയെയും അധിക്ഷേപിച്ചെന്നും ആരോപിച്ച്‌ ബിജെപി മണ്ഡലം കമ്മിറ്റി കുരീപ്പുഴ ശ്രീകുമാറിനെതിരെ കടയ്ക്കല്‍ പൊലീസില്‍ പരാതിനല്‍കി.