ലിവർപൂളിൽ ‘കാരുണ്യ സ്പർശം’ ചാരിറ്റി ഫുഡ് ചലഞ്ചിന് ആവേശകരമായ പരിസമാപ്തി. ലിവർപൂൾ മലയാളി അസോസിയേഷന്റെ (ലിമ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാരിറ്റി ഫുഡ് ചലഞ്ചും റാഫിൾ നറുക്കെടുപ്പും മേഴ്‌സിസൈഡ് മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു.

സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന അപൂർവ്വ ജനിതക രോഗത്തോട് പൊരുതുന്ന കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി ബിരിയാണി ചലഞ്ച് എന്ന ആശയം മുന്നോട്ടുവെച്ച ജോയ് അഗസ്റ്റിക്ക് ആദ്യത്തെ ബിരിയാണി കൈമാറിക്കൊണ്ട് ലിമ പ്രസിഡന്റ് ബിജു ജോർജ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ലിമ സെക്രെട്ടറി ബ്ലെസ്സൺ രാജൻ, ജോയ് അഗസ്റ്റി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ട്രഷറർ ജോസ് മാത്യു നന്ദി പറഞ്ഞു. ചടങ്ങിൽ രണ്ട് കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വന്തം പോക്കറ്റ് മണി ചാരിറ്റിയിലേക്ക് നൽകിയ ആദ്രികയെയും, ചാരിറ്റി ഫണ്ടിലേക്ക് തുക സ്വരൂപിക്കുന്നതിനായി കുക്കികൾ തയ്യാറാക്കി വിറ്റ ആരിഷിനെയും സദസ്സ് നിറഞ്ഞ കയ്യടികളോടെ അഭിനന്ദിച്ചു.

ചാരിറ്റി ഫുഡ് ചലഞ്ചിനായി സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കി നൽകിയ അക്ഷയ റെസ്റ്റോറന്റ്, റിലയൻസ് കേറ്ററിംഗ് എന്നിവർക്ക് സംഘാടകർ പ്രത്യേക നന്ദി അറിയിച്ചു. പരിപാടിക്ക് സൗണ്ട് സിസ്റ്റം സൗജന്യമായി നൽകിയ T-Beatz Sound and Light ഉടമ ടൈറ്റസിനും സംഘാടക സമിതി നന്ദിയും കടപ്പാടും രേഖപ്പെടുത്തി. പരിപാടി നടത്തുന്നതിനായി വേദി നൽകിയ ലിവർപൂളിലെ സെയിന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിനും സംഘാടകർ ഹൃദയംഗമമായ നന്ദി അറിയിച്ചു. ലിവർപൂളിലെ ഗായകരുടെ ശ്രവണ മനോഹരമായ ഗാനങ്ങൾ ചടങ്ങിന് മിഴിവേകി. പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ ഭക്ഷണം വിളമ്പുന്നതിനും സ്റ്റാളുകൾ ക്രമീകരിക്കുന്നതിനുമായി പ്രവർത്തിച്ച ലിമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സിന്റെയും സന്നദ്ധപ്രവർത്തകരുടെയും സേവനവും ശ്രദ്ധേയമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ ഷാജി വാരാക്കുടി, ലിമയുടെ സ്പോൺസറായ ശ്രീ വിനോദ് (ഹോം ഫുഡ് ഏഷ്യ ലിമിറ്റഡ്), ലിമ മുൻ ട്രഷറർ ശ്രീ സെബാസ്റ്റ്യൻ ജോസഫ് എന്നിവർ ചേർന്നാണ് റാഫിൾ നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിൽ ഒന്നാം സമ്മാനം റോജി നേടിയപ്പോൾ രണ്ടാം സമ്മാനം ധിനോ കുര്യനും, മൂന്നാം സമ്മാനം ജോസും കരസ്ഥമാക്കി. റാഫിൾ നറുക്കെടുപ്പിലെ വിജയികൾ തങ്ങൾക്ക് ലഭിച്ച സമ്മാനത്തുക ചാരിറ്റിക്കായി തിരികെ നൽകിയത് ചടങ്ങിലെ ഏറെ മാതൃകാപരമായ നിമിഷമായി മാറി. വിജയികളുടെ ഈ ഉദാരമനസ്കതയെ സദസ്സ് നിറഞ്ഞ കയ്യടികളോടെയാണ് വരവേറ്റത്.

ഈ സദുദ്യമത്തോട് സഹകരിക്കുകയും, റാഫിൾ ടിക്കറ്റുകൾ എടുക്കുകയും, സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ഓരോരുത്തരോടും ലിവർപൂൾ മലയാളി അസോസിയേഷൻ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. നമ്മുടെ സമൂഹം ഒത്തൊരുമയോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഏതൊരു വലിയ ലക്ഷ്യവും കൈവരിക്കാൻ സാധിക്കുമെന്നതിന്റെ നേർസാക്ഷ്യമായി ഈ പരിപാടി മാറി.