ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ദേശീയ ആരോഗ്യസേവനമായ എൻഎച്ച്എസ് (NHS) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. പണമില്ലാത്തതിനെ തുടർന്ന് സാധാരണ നിലയിൽ പ്രവർത്തിക്കാൻ പോലും കഴിയാത്ത സാഹചര്യം നേരിടുന്ന ആശുപത്രികൾ ചികിത്സാ സേവനങ്ങളും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ 31 ആരോഗ്യ ട്രസ്റ്റുകൾ ഈ വർഷത്തെ വലിയ ചെലവുചുരുക്കൽ പദ്ധതികൾ രോഗീപരിചരണത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ 27 ട്രസ്റ്റുകൾ സാമ്പത്തിക പ്രതിസന്ധിയെ തങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി വിലയിരുത്തി. ആറ് ട്രസ്റ്റുകൾ ഏറ്റവും ഉയർന്ന അപകടസാധ്യതാ റേറ്റിങ്ങായ 25 ആണ് നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരുന്നുകളുടെ വിലവർധന, ജീവനക്കാരുടെ ശമ്പള വർധന, സമരങ്ങൾ, രോഗികളുടെ എണ്ണത്തിലുണ്ടായ വർധന, ഇലക്ട്രോണിക് ആരോഗ്യരേഖാ സംവിധാനങ്ങൾ നടപ്പാക്കുന്നതിനുള്ള ചെലവ് എന്നിവയാണ് പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളായി ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ക്യാൻസർ രോഗികളുടെ ചികിത്സ വൈകുന്നതും ചില ആശുപത്രി സേവനങ്ങൾ നിർത്തലാക്കുന്നതും ആശങ്കയുണ്ടാക്കുന്നു. കെന്റിൽ ക്യാൻസർ രോഗികൾക്ക് കീമോതെറാപ്പി ആരംഭിക്കുന്നതിനുള്ള അപ്പോയിന്റ്മെന്റിനായി ഒരു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായി. ബ്രിഡ്ലിങ്ടൺ ആശുപത്രിയിലെ 28 കിടക്കകളുള്ള വാർഡ് അടച്ചുപൂട്ടാനും യോർക്ക് ആൻഡ് സ്കാർബറോ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. ഹൈഡ്രോതെറാപ്പി ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കിങ്സ് മിൽ ആശുപത്രിയിലെ നീന്തൽക്കുളം അടച്ചുപൂട്ടാനുള്ള നീക്കവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ജീവനക്കാരുടെ എണ്ണത്തിലും വലിയ കുറവാണ് വരുത്തുന്നത്. നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റ് 1,279 തസ്തികകൾ വെട്ടിക്കുറച്ച് 106 ദശലക്ഷം പൗണ്ട് ലാഭിക്കാനാണ് ലക്ഷ്യമിടുന്നത്. ലണ്ടനിലെ ബാർട്സ് ഹെൽത്ത് ട്രസ്റ്റ് 1,100 തസ്തികകൾ ഒഴിവാക്കാനും പദ്ധതിയിടുന്നു. ടോർബേ ആൻഡ് സൗത്ത് ഡെവൺ ട്രസ്റ്റ് 199 അനാരോഗ്യ പരിചരണ വിഭാഗത്തിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുകയാണ്. ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാതെ ചെലവുകൾ കുറയ്ക്കുന്നത് രോഗികളുടെ സുരക്ഷയെയും ചികിത്സയുടെ നിലവാരത്തെയും ബാധിക്കുമെന്ന് ആരോഗ്യരംഗത്തെ സംഘടനകൾ മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന ശൈത്യകാലത്ത് ആവശ്യത്തിന് ആശുപത്രി കിടക്കകൾ പോലും ഒരുക്കാൻ എൻഎച്ച്എസിന് കഴിയാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.