നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും തനിക്ക് പങ്കില്ലെന്ന് നടി കാവ്യാ മാധവന്‍. ചോദ്യംചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചത്.

പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്.

ദിലീപിന്റെ സഹോരദീ ഭര്‍ത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാന്‍ കാവ്യയാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്ന ശബ്ദ സന്ദേശം.

എന്നാല്‍ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ പോലീസിനോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് 4.40-ഓടെയാണ് അവസാനിച്ചത്.