ചോദ്യം ചെയ്യലിനിടെ കാവ്യാ മാധവന്‍ പലതവണ വിതുമ്പി. തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നറിയുന്നു. ദിലീപ് നിരപരാധിയാണെന്നും പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും പൊലീസ് കാവ്യയ്ക്ക് നല്‍കി.

കാവ്യയുടെ അമ്മ ശ്യാമളയും ചോദ്യം ചെയ്യലിന് വിധേയയായി. ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാവ്യയുടെ അമ്മയെ വേണ്ടി വന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനയും നല്‍കുന്നുണ്ട്. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.

നടി ആക്രമിക്കപ്പെട്ട ശേഷമുള്ള ദിലീപിന്റെ പെരുമാറ്റങ്ങളെക്കുറിച്ചും കാവ്യയോട് പൊലീസ് തിരക്കി. സംഭവംനടന്ന ദിവസത്തെ ദിലീപിന്റെ ഓരോ ചലനങ്ങളും കാവ്യയോട് ചോദിച്ചറിഞ്ഞു. എ.ഡി.ജി.പി. ബി. സന്ധ്യ ചോദ്യംചെയ്യലിന് നേതൃത്വംനല്‍കി. ഐ.ജി. ദിനേന്ദ്ര കശ്യപ്, ക്രൈംബ്രാഞ്ച് എസ്പി. സുദര്‍ശന്‍, പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് എന്നിവരുമായി സന്ധ്യ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി. ആലുവയിലുള്ള ദിലീപിന്റെ തറവാട്ടുവീട്ടില്‍വച്ചാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണിവിടെ താമസിക്കുന്നത്. കേസിനുശേഷം കാവ്യ ഇങ്ങോട്ട് താമസം മാറ്റിയിരിക്കുകയാണ്. കാവ്യയും ദിലീപും താമസിക്കുന്നത് ആലുവ പാലസിനുസമീപമുള്ള വീട്ടിലാണ്.