നമ്മുടെ കായലുകളിലും നദികളിലും മീൻ പിടക്കാൻ പോകുന്ന ധാരാളം സ്ത്രീകൾ ഉണ്ട്. എന്നാൽ ആഴക്കടൽ മത്സ്യബന്ധനത്തിന് സ്ത്രീയുടെ സാന്നിധ്യം ഇത് വരെ രേഖപ്പെടുത്തിയിരുന്നില്ല. ചാവക്കാട് സ്വദേശിനി രേഖയെ തന്റെ ജീവിത പ്രാരാബ്ധങ്ങള്‍ എത്തിച്ചിരിക്കുന്നത് ഈ അപൂർവ്വ റെക്കോഡിലേക്കാണ്. സംസ്ഥാനത്തെ ഫിഷറീസ് ഡിപാര്‍ട്‌മെന്റിന്റെ ലൈസന്‍സ് ലഭിക്കുന്ന ആദ്യത്തെ വനിത എന്ന റെക്കോഡ്. ആഴക്കടൽ മത്സ്യബന്ധനം നടത്താൻ ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീയായി രേഖ മാറിയതോടെ സമൂഹമാധ്യമങ്ങളിലും താരമായി.
കേരളത്തിലെ പെൺകരുത്തിന്റെ പുതിയ മുഖമായി മാറിയ രേഖയെ ‘അറബി കടലിന്റെ റാണി’ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
മത്സ്യതൊഴിലാളിയായ ഭർത്താവ് പി.കാർത്തിയേകനൊപ്പം വള്ളത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ ജോലി നിർത്തിയതോടെയാണ് ആഴക്കടലിന്റെ അനിശ്ചിതത്വത്തിലേക്ക് രേഖ എത്തിപ്പെടുന്നത്. പുതിയ പണിക്കാര്‍ക്ക് കൊടുക്കാന്‍ വേണ്ട ശമ്പളം ഇല്ലാതെ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് ആണ് രേഖ ഭര്‍ത്താവിനെ സഹായിക്കാന്‍ തീരുമാനിച്ചത്. കടല്‍ തിരമാലകളോട് പോരാടി നാല് മക്കളെ വളര്‍ത്താനുള്ള നെട്ടോട്ടം 45കാരിയായ രേഖയും ഭർത്താവും നേരം വെളുക്കുമ്പോൾ തന്നെ തുടങ്ങും.
മത്സ്യബന്ധനത്തിനുള്ള വലയുമായി ചേറ്റുവ കടപ്പുറത്ത് അവര്‍ ഉണ്ടാകും, തങ്ങളുടെ പഴയ ബോട്ടില്‍ അവര്‍ ആഴക്കടലിലേക്ക് പോകാൻ. ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതല്‍ 30 നോട്ടിക്കല്‍ മൈല്‍ വരെ ഈ ദമ്പതികൾ എത്തും. പരമ്പരാഗതമായി കിട്ടിയ അറിവും കടലമ്മയുടെ തുണയുമാണ് തങ്ങള്‍ക്ക് എന്നാണ് രേഖയുടെ മറുപടി.
Leave a Reply