ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാള്‍ അസാധാരണമായ രീതിയില്‍ തന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്ന്​ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട്​ വാദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ആം ആദ്​മി പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നപോലെ റോബര്‍ട്ട്​ വാദ്രക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ അദ്ദേഹം മോദിയെ മുഴുവനായി വിഴുങ്ങുമെന്ന കെജ്രിവാളി​ന്‍റ പ്രസ്താവനക്ക് എതിരെ ഫേസ്​ബുക്കിലൂടെയാണ്​ വാദ്ര പ്രതികരിച്ചത്​.
റോബര്‍ട്ട്​ വാദ്രയെന്നതാണ്​ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഡിക്ഷണറിയില്‍ ​ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്​. മോദിക്കെതിരെ സംസാരിക്കുന്നതിന്​ വാദ്ര അദ്ദേഹത്തെ വിഴുങ്ങുമെന്നുള്ള കെജ്​രിവാളി​ന്‍റ പ്രസ്​താവന വിചിത്രമായാണ്​ തോന്നിയത്​.

കെജ്​രിവാള്‍ നേരി​ട്ടെത്തി അദ്ദേഹത്തിന്​ തനിക്കെതിരെ പറയാനുള്ളത്​ തുറന്നു വ്യക്തമാക്കാന്‍ ദയവുണ്ടാകണമെന്ന്​ അപേക്ഷിക്കുകയാണ്​. മറ്റുള്ളവരെ തനിക്കെതിരെ ചൊടിപ്പിച്ച്‌​ വിടുന്നതിലും നല്ലത്​ അതാണെന്നും റോബര്‍ട്ട്​ വാദ്ര ഫേസ്​ബുക്കില്‍ കുറിച്ചു. അരവിന്ദ്​ കെജ്രിവാളി​ന്‍റ ഭാവിക്ക്​ എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ടാണ്​ വാദ്ര ഫേസ്​ബുക്ക്​ കുറിപ്പ്​ അവസാനിപ്പിക്കുന്നത്​. കോണ്‍ഗ്രസ്​ ഭരണകാലത്ത്​വാദ്ര ഹരിയാനയിലെയും മറ്റും ഭൂമിതട്ടിപ്പ്​ നടത്തിയതിനെതിരെ കെജ്​രിവാള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.