സ്വന്തം ലേഖകന്‍

ഡെല്‍ഹി : ജനങ്ങള്‍ തെരഞ്ഞെടുത്ത ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിനെ രാഷ്ട്രപതിയുടെ ഒരു ഒപ്പുകൊണ്ട് നാളെ ഇല്ലാതാക്കാം എന്ന ഇന്‍ഡ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വപ്നമാണ് കെജരിവാള്‍ തകര്‍ത്തു കളഞ്ഞത്. ബീഫ് വിഷയത്തില്‍ മോഡിയേയും , കോണ്ഗ്രസ്സിനേയും ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും ഒരേപോലെ വലിച്ചു കീറി ഭിത്തിയില്‍ ഒട്ടിച്ച് കളഞ്ഞു കേജരിവാള്‍ സര്‍ക്കാര്‍ . തകര്‍ന്നടിഞ്ഞത് കപട രാഷ്ട്രീയ കൂട്ടങ്ങളുടെ സ്വപ്നം.

ആം ആദ്മി പാർട്ടിയെ ലക്ഷ്യം വെക്കാൻ എങ്ങനെയെല്ലാം ശ്രമം നടക്കുന്നു എന്നുള്ളതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇന്ന് പുറത്തു വന്ന ബീഫ് വിവാദം. ആളുകളുടെ സ്വാതന്ത്ര്യം മാനിച്ചു കൊണ്ട് ബീഫ് വിഷയത്തിൽ ഡൽഹിയിൽ നിലവിലുള്ള നിയമത്തിനു എതിരായി ഡൽഹിയിലെ കേജ്രിവാളിന്റെ ആം ആദ്മി സർക്കാർ ഒരു നിലപാട് സ്വീകരിക്കണം എന്നതാണ് ഒരു പുതിയ പെറ്റീഷനായി ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടത്.

ആദ്യമായി ഡൽഹിയിൽ ബിജെപി അധികാരം നേടിയതിന് ശേഷം ഡൽഹിയിൽ 1994 ലാണ് ഗോവധം നിരോധിച്ചു കൊണ്ട് നിയമം ഉണ്ടാക്കിയത്. കേന്ദ്രഭരണ പ്രദേശം എന്ന നിലക്ക് അന്നും ആ നിയമം നടപ്പിലാക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണമായിരുന്നു. അന്നത്തെ കോൺഗ്രസ്‌ സർക്കാർ അതിനെ എതിർത്തതും ഇല്ല. അങ്ങനെ ആ നിയമം ഡൽഹിയിൽ നിലവിൽ വന്നു. പിന്നീട് തുടർച്ചായി 15 വർഷം ഡൽഹി ഭരിച്ചത് ഷീലാ ദീക്ഷിത് നേതൃത്വം നൽകിയ കോൺഗ്രസ്‌ സർക്കാരാണ്. അന്ന് വാജ്പേയിക്ക് ശേഷം പത്തു വർഷം മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രിയും. അന്നൊന്നും ഈ നിയമം മാറ്റണം എന്ന് ഇവരാരും ആവശ്യപ്പെട്ടില്ല.

ഇപ്പോൾ ഒരു പെറ്റീഷൻ സമർപ്പിക്കപ്പെട്ടതിന് പിന്നിലുണ്ടായിരുന്നു ഉദ്ദേശ്യം ഗോവധമോ വ്യക്തി സ്വാതന്ത്ര്യമോ അല്ല. ആം ആദ്മി സർക്കാരിനെ താഴെ ഇറക്കാൻ ഉണ്ടാക്കിയ ഒന്നാന്തരം വാരിക്കുഴി ആയിരുന്നു. ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പ്രവർത്തിക്കുന്നത് ഭരണഘടന അംഗീകരിച്ചു കൊണ്ടാണ്. അപ്പോൾ നിലവിലുള്ള ഒരു നിയമത്തിനെതിരായി ആം ആദ്മി സർക്കാർ ഒരു നിലപാട് സ്വീകരിച്ചാൽ അതിന്റെ പേരില്‍ കേജ്രിവാൾ സർക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഒരു വ്യക്തമായ കാരണം കേന്ദ്ര സർക്കാരിന് തുറന്നു കിട്ടും. ഇന്ന് ആം ആദ്മി സർക്കാർ നിലവിലുള്ള ഗോവധ നിയമത്തിന് എതിരായി ഒന്നും പറയാത്തത് കൊണ്ട് ഒരു ദേശീയ ചാനലിലും ദിവസം മുഴുവൻ നീണ്ട ചർച്ചകൾ ഉണ്ടായില്ല. മറിച്ച് ആളുകൾ സ്വാതന്ത്ര്യം പോലെ തീരുമാനം എടുക്കട്ടെ എന്ന ഒരൊറ്റ വാക്ക് എങ്കിലും ഡൽഹി കോടതിയിൽ ആം ആദ്മി സർക്കാർ  പറഞ്ഞിരുന്നു എങ്കിൽ ഉടന്‍ തന്നെ ദേശീയ മാധ്യങ്ങളിൽ ബ്രേക്കിംഗ് ന്യൂസ്‌ പൊട്ടിപ്പുറപ്പെടുമായിരുന്നു.

നിയമ വിദഗ്ധരും , റിട്ടയേർഡ് ജഡ്ജിമാരും അടങ്ങുന്ന താരനിര ന്യൂസ്‌ സ്റ്റുഡിയോകളിൽ ഇരുന്നു നിയമം ഇഴകീറി പരിശോധന നടത്തി , ഇനി അരവിന്ദ് കേജ്രിവാൾ സർക്കാരിന് തുടരാൻ അവകാശമില്ല എന്നും , രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കേജ്രിവാൾ  സർക്കാരിനെ പുരത്താക്കണ്ടത് അനിവാര്യമാണ് എന്നൊക്കെ പാതിരാത്രി വരെ ചർച്ച ചെയ്ത് ഡൽഹി സർക്കാരിന് ചരമക്കുറിപ്പ് എഴുതിയേനെ. നിയമത്തിനതീതമായി നിൽക്കുന്ന അരവിന്ദ് കേജ്രിവാൾ ഇറങ്ങിപ്പോവണം എന്ന് അർണാബുമാർ അട്ടഹസിക്കുമായിരുന്നു. നാളെ രാവിലെ പത്രം നോക്കുമ്പോൾ, ഡൽഹി സർക്കാരിനെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി എന്ന വാർത്ത കാണേണ്ടി വന്നേനെ.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഏതാണ്ട് 9500 എംഎൽഎമാർ ഡൽഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ പാർലമെന്റ് സെക്രട്ടറി എന്ന പോസ്റ്റ്‌ കൈകാര്യം ചെയ്തിട്ടും , ആം ആദ്‌മിയുടെ മാത്രം എംഎൽഎമാരെ അവധി ദിവസമായ ഞായറാഴ്ച രാഷ്ട്രപതി ഒപ്പിട്ട്  അയോഗ്യരാക്കിയ ഒരു സാഹചര്യത്തിലൂടെയാണ് ഇന്ന് നാം കടന്നു പോവുന്നത്. പോലീസ് സംവിധാനം പോലും കയ്യിൽ ഇല്ലാത്ത അത്രയും പരിമിതമായ അധികാരം മാത്രമുള്ള ഒരു കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിൽ , ആം ആദ്മി സർക്കാരിന് നിയമത്തിൽ ഒരു മാറ്റവും കൊണ്ട് വരാൻ സാധിക്കില്ല എന്ന നഗ്ന സത്യം നാം മനസ്സിലാക്കണം.

അതു കൊണ്ട് ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ ഭരണം വഴി ഡൽഹിയിൽ വന്ന മാറ്റം മനസിലാക്കി , ഇന്ത്യ മുഴുവൻ പാർട്ടിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് വിറളി പൂണ്ട ഇന്ദ്രപ്രസ്ഥത്തിലെ ബിജെപി – കോൺഗ്രസ്‌ കൂട്ടുകെട്ട് ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്ത ഒരു പദ്ധതി , ആം ആദ്മി പാർട്ടി കടക്കൽ തന്നെ അരിഞ്ഞു വീഴ്ത്തി എന്നതാണ് വാസ്തവം. ഒരത്ഭുതവും തോന്നുന്നില്ല. ഈ രാഷ്ട്രീയം ഉയർത്തുന്ന ചോദ്യങ്ങൾ നേരിടാൻ കെൽപ്പില്ലാത്ത രാഷ്ട്രീയ ശകുനികളിൽ നിന്നും വേറെന്തു പ്രതീക്ഷിക്കാൻ . ഭരണഘടനയെയും നിയമസംവിധാനങ്ങളെയും മാനിച്ചുകൊണ്ട്  മോഡിക്കും , കോണ്ഗ്രസ്സിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരെ ആം ആദ്മി പാര്‍ട്ടി നേടിയ നയതന്ത്ര വിജയം തന്നെയാണ് കേജരിവാളിന്റെ ഈ രാഷ്ട്രീയ നീക്കം എന്ന് ഉറപ്പിച്ചു പറയാം.