ബിബിൻ അബ്രഹാം 

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലെ ടൺബ്രിഡ്ജ് വെൽസിലെ “സഹൃദയ ദി വെസ്റ്റ്‌ കെന്റ് കേരളൈറ്റ്സ്” ഒക്ടോബർ ഒന്നാം തീയതി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. തലേ രാത്രി വരെ കോരിച്ചൊരിയുകയായിരുന്ന മഴ പോലും സഹൃദയയുടെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയെന്നോണം സൂര്യനെ ഉജ്വലമായി പ്രശോഭിപ്പിച്ചുകൊണ്ട് പൊൻകതിരുകൾ വീശി ബിവൽ വാട്ടർ തടാകത്തെ തങ്കശോഭയിൽ വിരാജിപ്പിച്ചു.

അതെ, മഴ മേഘങ്ങൾ മാറി നിന്നു, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ സൂര്യൻ ജ്വലിച്ചു നിന്നപ്പോൾ കെന്റിലെ ബിവൽ വാട്ടർ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറുകയായിരുന്നു. ആർത്തിരമ്പിയ ആയിരത്തോളം കാണികൾക്കു മുന്നിൽ യു. ക്കെയിൽ ജലരാജാക്കന്മാർ ഏറ്റുമുട്ടിയപ്പോൾ തിങ്ങി നിറഞ്ഞ വള്ളംകളി പ്രേമികൾക്ക് നയന മനോഹരമായ ആവേശ കാഴച്ചയാണ് സഹൃദയ കെന്റ് ജലോത്സവം നൽകിയത്

യു. കെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി കേവലം 160 അംഗങ്ങൾ മാത്രമുള്ള ഒരു മലയാളി അസോസിയേഷൻ -സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് -ഒരു അഖില യു.കെ വള്ളം കളി മത്സരം അതിവിപുലമായി നടത്തി ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു. ഏകദ്ദേശം 25000 പൗണ്ട് ചിലവായ ഒരു ബിഗ് ബഡ്ജറ്റ് ജലോത്സവം തികഞ്ഞ അച്ചടക്കത്തോടെയും
അസൂത്രണത്തോടെയും, മാത്യകപരമായും ആണ് അരങ്ങേറിയത്. മത്സര ഇടവേളകളിൽ നൃത്ത നൃത്യങ്ങള്‍, സംഗീതം, തുടങ്ങിയ കലാപരിപാടികൾ കൊണ്ടു സമ്പന്നമായിരുന്ന ഇവന്റിൽ ഒഴുകി എത്തിയ എല്ലാ വള്ളം കളി പ്രേമികൾക്കും കുടുബസമേതം ഒരു ദിനം ചിലവഴിക്കാൻ വേണ്ട എല്ലാ ചേരുവുകളും ഉണ്ടായിരുന്നു.

കെന്റിലെ ബിവൽ വാട്ടറിൽ യു.കെ യിലെ എല്ലാ പ്രമുഖ ജലരാജാക്കന്മാരും പങ്കെടുത്ത ആവേശ പോരാട്ടത്തിൽ ശ്രീ. തോമസ് കുട്ടി ഫ്രാൻസിസ് ക്യാപ്റ്റനായ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് സഹൃദയയുടെ പ്രഥമ വള്ളംകളി ട്രോഫിയിൽ മുത്തമിട്ടു. കലാശ പോരാട്ടത്തിൽ ആർത്തിരമ്പിയ ആയിരത്തോളം വരുന്ന കാണികൾക്കു ആവേശം വാരിവിതറിക്കൊണ്ടു, ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ശ്രീ. ബാബു കളപുരയ്ക്കൽ ക്യാപ്റ്റനായ സെവൻ സ്റ്റാർസ് കവൻട്രി ബോട്ട് ക്ലബ് രണ്ടാം സ്ഥാനം നേടിയപ്പോൾ, ശ്രീ. മോനിച്ചൻ ക്യാപ്റ്റനായ ഫ്രണ്ട്സ് ബോട്ട് ക്ലബ് ബോൾട്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യു.കെയിലെ എല്ലാ പ്രമുഖ ടീമുകളും പങ്കെടുത്ത കെന്റ് ജലോത്സവത്തിൽ പതിനഞ്ചു ടീമുകൾ ആണ് പരസ്പരം മൂന്നു ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടിയത്. വനിതകൾക്കായി നടന്ന പ്രദർശന മത്സരത്തിൽ സഹൃദയയുടെ ടീം റെഡും, യെല്ലോയും ഉജ്വല പോരാട്ടം ആണ് കാഴ്ച്ച വെച്ചത്.

വൈകുന്നേരം ആറു മണിയോടു കൂടി നടന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങിലും ബ്രാഡ്ലി സ്റ്റോക്ക് കൗൺസിലർ ശ്രീ. ടോം ആദിത്വ, ക്രോയിഡോൺ കൗൺസിൽ കൗൺസിലർ ശ്രീ. നിഖിൽ ഷെറീൻ തമ്പി, പ്രമുഖ മനുഷ്യാ അവകാശ പ്രവർത്തകൻ ശ്രീ ജോൺ സാമുവൽ അടൂർ എന്നിവർ പങ്കെടുത്തു.

കെന്റ് ജലോത്സവത്തിന്റെ ചെയർമാൻ ശ്രീ അജിത്ത് വെൺമണി, ജനറൽ കൺവീനിയർ ശ്രീ ബിബിൻ എബ്രഹാം, കോർഡിനേറ്റർ മാരായ ശ്രീ ജോഷി സിറിയക്ക്, ശ്രീ.വിജു വറുഗീസ്, ശ്രീ മനോജ് കോത്തൂർ, ശ്രീമതി. ലിജി സേവ്യർ, ശ്രീ. ബ്ലസ്സൻ സാബു, തുടങ്ങിയവർ നേതൃത്വം കൊടുത്ത അതിവിപുലമായ ജലോത്സവ കമ്മിറ്റി നടത്തിയ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് കെന്റ് ജലോത്സവം ഒരു വൻ വിജയമാക്കി മാറ്റുവാൻ ടീം സഹൃദയയ്ക്കു സാധ്യമായത്.

ഏകദേശം ആയിരത്തോളം പേർ എത്തി ചേർന്ന ജലോത്സവത്തിൽ പ്രധാന സ്പോൺസര്‍ ലോ & ലോയേഴ്സ് സോളിസിറ്റർ, അലൈഡ് മോർഡ്ഗേജ് & ഇൻഷുറൻസ്, പ്രൈം കെയർ തുടങ്ങിയവരായിരുന്നു. സഹൃദയയുടെ പ്രഥമ ജല പോരാട്ടത്തിൽ വിജയിച്ച ലിവർപൂളിന്റെ ചെമ്പട പടകൂറ്റൻ ട്രോഫിയും 1101 പൌണ്ട് ക്യാഷ് അവാർഡും സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ കവൻട്രി സെവൻ സ്റ്റാർസിന് 601 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും, മൂന്നാം സ്ഥാനം നേടിയ ഫ്രണ്ട്സ് ബോട്ട് ക്ലബിന് 351 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും ലഭിച്ചു.

വാശിയേറിയ പോരാട്ടത്തിൽ മാർട്ടിൻ ക്യാപ്റ്റനായ ലണ്ടൻ ചുണ്ടൻ നാലാം സ്ഥാനത്ത് എത്തിയപ്പോൾ, ശ്രീ മാത്യു പുളിങ്കുന്ന് ചാക്കോ നയിച്ച സാൽഫോർഡ് ബോട്ട് ക്ലബ് അഞ്ചാമതായും, എഡ്വിൻ ക്യാപ്റ്റനായിരുന്ന ഈസ്റ്റ് ബോൺ ചുണ്ടൻ ആറാം സ്ഥാനവും കരസ്ഥമാക്കി.

കെന്റ് ജലോത്സവത്തിന്റ തിളക്കമാർന്ന വിജയത്തോടെ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് എന്ന മലയാളി അസോസിയേഷന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ചേർത്തു വെച്ചിരിക്കുകയാണ്. കെന്റ് ജലോത്സവം ഒരു വിജയമാക്കി മാറ്റുവാൻ സഹായിച്ച എല്ലാ ജലോത്സവ പ്രേമികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് വെൺമണി നന്ദി രേഖപ്പെടുത്തി.